കാപ്പി വില കുത്തനെ ഇടിഞ്ഞു
May 8, 2024 0 By BizNewsകല്‍പ്പറ്റ: അഞ്ചു ദിവസം മുമ്പ് ക്വിന്റലിന് 38000 രൂപ വില ലഭിച്ചിരുന്ന കാപ്പി പരിപ്പിന് ചൊവ്വാഴ്ച മാർക്കറ്റ് വില 31000. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കാപ്പി പരിപ്പിനുണ്ടായത് ഏഴായിരം രൂപയുടെ കുറവ്.
കാലാവസ്ഥ വ്യതിയാനം കാരണം അടുത്ത സീസണില്‍ ഉത്പാദനം ഗണ്യമായി കുറയുമെന്ന ആശങ്ക നില നിൽക്കെ കാപ്പി വില ഉയർന്നത് കാർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ കൊണ്ടാണ് കാപ്പി വില കുത്തനെ ഇടിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച 21700 രൂപ ക്വിന്റലിന് വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന് ചൊവ്വാഴ്ചത്തെ വില 16650 രൂപയാണ്. അയ്യായിരം രൂപക്ക് മുകളിലാണ് അഞ്ചു ദിവസം കൊണ്ട് വിലയിടിഞ്ഞത്. കാപ്പിയുടെ ഉത്പാദന കുറവ് മാർക്കറ്റിൽ ഡിമാൻഡ് വർധിപ്പിച്ചതിന്റെ ഭാഗമായാണ് വില വർധനവ് ഉണ്ടായത്.
മറ്റ് രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കാരണം കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞതും ഇന്ത്യയിലെ കാപ്പിക്ക് ഡിമാൻഡ് വർധിക്കാൻ കാരണമായി.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെട്ടെന്ന് വിലയിടിവിന് പിന്നിൽ മാർക്കറ്റിൽ ലോബികളുടെ ഇടപെടലാണ് എന്നാണ് കർഷകർ ആരോപിക്കുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് കാപ്പിക്ക് മാർക്കറ്റിൽ മാന്യമായ വില ലഭിക്കാൻ തുടങ്ങിയത്.
കാലാവസ്ഥാ വ്യതിയാനവും വിലയിടിവും കാരണം നിരവധി കർഷകരാണ് കാപ്പി കൃഷി ഉപേക്ഷിച്ചത്. ഇങ്ങനെ ഹെക്ടർ കണക്കിന് കാപ്പി തോട്ടങ്ങൾ മറ്റു വിളകൾക്ക് വഴിമാറി. പലപ്പോഴും കാപ്പി പറിക്കുന്നതിന് ആവശ്യമായ ചെലവ് പോലും വിറ്റാൽ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
2023 ലാണ് കാപ്പി വില അൽപം ഉയരാന്‍ തുടങ്ങിയത്. മാർച്ചിൽ കാപ്പി പരിപ്പിന് ക്വിന്റലിന് നാൽപതിനായിരത്തിന് മുകളിൽ വരെ വില ലഭിച്ചു. ഡിസംബര്‍ മുതൽ ഫെബ്രുവരി വരെയാണ് കാപ്പി വിളവെടുപ്പ് സീസൺ.
വിളവെടുപ്പ് സമയത്തിന് ശേഷമായിരുന്നു കാര്യമായ വില വർധന തുടങ്ങിയത്. എന്നാൽ ഏതാനും ദിവസങ്ങളിലായി കാപ്പി വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.
ആയിരക്കണക്കിനു കുടുംബങ്ങളാണ് ജില്ലയിൽ കാപ്പിക്കൃഷിയെ ആശ്രയിച്ച കഴിയുന്നത്. കോഫി ബോര്‍ഡിന്റെ കണക്കനുസരിച്ച് 67,560 ഹെക്ടറിലാണ് ജില്ലയിലെ കാപ്പി കൃഷി. ഇത് സംസ്ഥാനത്തെ മൊത്തം കാപ്പി ഉൽപാദനത്തിന്റെ 80 ശതമാനമാണ്. 60,000 കാപ്പി കർഷകർ ജില്ലയിൽ മാത്രം ഉണ്ടെന്നാണ് കണക്ക്.
80 ശതമാനത്തിന് മുകളിൽ ചെറുകിട കർഷകരാണ് ജില്ലയിൽ. ഇത്തവണ പൂവിടുന്ന കാപ്പിച്ചെടികളില്‍ പരാഗണം നടക്കുന്ന സമയത്ത് കിട്ടേണ്ട മഴ ലഭിക്കാത്തുമൂലം ജില്ലയില്‍ അടുത്ത സീസണില്‍ കാപ്പി ഉത്പാദനത്തില്‍ 50 ശതമാനത്തില്‍ അധികം കുറവ് ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
പുൽപള്ളി മേഖലയിൽ വരൾച്ച മൂലം ഹെക്ടർ കണക്കിന് കാപ്പിത്തോട്ടങ്ങളാണ് ഇത്തവണ കരിഞ്ഞുണങ്ങിയത്.
ജലസേചന സൗകര്യമുള്ള തോട്ടങ്ങളില്‍ അടുത്ത സീസണിലും കാപ്പി ഉൽപാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടാവാൻ സാധ്യത ഇല്ലെങ്കിലും ഇതിന് സൗകര്യമുള്ള തോട്ടങ്ങൾ ജില്ലയിൽ നാമമാത്രമാണ്.