ഹലാൽ സർട്ടിഫിക്കേഷൻ: സമയപരിധി നീട്ടി
April 25, 2024ന്യൂഡൽഹി: ഹലാൽ സർട്ടിഫിക്കേഷൻ ബോഡികളുടെ അക്രഡിറ്റേഷനും കയറ്റുമതി യൂനിറ്റുകളുടെ രജിസ്ട്രേഷനുമുള്ള സമയപരിധി കേന്ദ്ര സർക്കാർ ജൂലൈ നാലുവരെ നീട്ടി.
കഴിഞ്ഞ വർഷം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) മാംസത്തിനും മാംസ ഉൽപന്നങ്ങൾക്കുമുള്ള ഹലാൽ സർട്ടിഫിക്കേഷൻ പ്രക്രിയക്കുള്ള നയവ്യവസ്ഥകൾ പരസ്യപ്പെടുത്തിയിരുന്നു. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡീസിൽ (എൻ.എ.ബി.സി.ബി) നിന്ന് ഏപ്രിൽ അഞ്ചിനകം അംഗീകാരം നേടാൻ നിലവിലുള്ള ബോഡികളോട് നിർദേശിക്കുകയും ചെയ്തു. ഈ സമയപരിധിയാണ് മൂന്നുമാസം കൂട്ടി നീട്ടിയത്.
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സർട്ടിഫിക്കറ്റുള്ള സ്ഥാപനത്തിൽ ഉൽപാദിപ്പിക്കുകയും സംസ്കരിക്കുകയും പാക്ക് ചെയ്യുകയും ചെയ്താൽ മാത്രമേ മാംസവും അനുബന്ധ ഉൽപന്നങ്ങളും ഹലാൽ സർട്ടിഫൈഡായി കയറ്റുമതി ചെയ്യാൻ അനുവദിക്കൂ. സംരംഭകർ എൻ.എ.ബി.സി.ബിയിൽനിന്ന് അക്രഡിറ്റേഷൻ നേടണം.
ആഗോള ഹലാൽ ഭക്ഷ്യവിപണി 2021ൽ 1.64 ലക്ഷം കോടി രൂപയുടേതായിരുന്നു. 2027 ഓടെ ഇത് 3.25 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജംഇയത്ത് ഉലമ-ഇ-ഹിന്ദ് ഹലാൽ ട്രസ്റ്റ് എന്നിവയാണ് ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്ന രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ.