ആര്‍ബിഐ നിയന്ത്രണത്തിന് പിന്നാലെ ഓഹരി വിലയില്‍ തകര്‍ന്ന് കൊടക് ബാങ്ക്
April 25, 2024 0 By BizNewsഓണ്ലൈൻ വഴി പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ക്രെഡിറ്റ് കാര്ഡ് നല്കുന്നതിനും നിയന്ത്രണം ഏര്പ്പെടുത്തിയതോടെ ഓഹരി വിപണിയില് തിരിച്ചടി നേരിട്ട് കൊടക് മഹീന്ദ്ര ബാങ്ക്.
വ്യാപാരം ആരംഭിച്ചയുടനെ ബാങ്കിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു. 1,658 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ബാങ്കിന്റെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി.
റിസര്വ് ബാങ്കിന്റെ നടപടി കൊടകിന്റെ റീട്ടെയില് ബിസിനസിനെ ബാധിച്ചേക്കാമെന്ന വിലയിരുത്തലാണ് വിപണിയില് പ്രതിഫലിച്ചത്.
ബാങ്കിന്റെ ടെക്നോളജി പ്ലാറ്റ്ഫോമില് വീഴ്ചകള് കണ്ടെത്തിയതിനെ തുടര്ന്നാണ് ആര്ബിഐയുടെ നടപടി. നിലവിലുള്ള ഉപഭോക്താക്കളെയും സേവനങ്ങളെയും നിയന്ത്രണങ്ങള് ബാധിക്കില്ലെന്ന് ആര്ബിഐ അറിയിച്ചിട്ടുണ്ട്.
ഡിജിറ്റല് പ്ലാറ്റ്ഫോംവഴി കൊടക് ബാങ്ക് വന്തോതില് സേവിങ്സ് അക്കൗണ്ടുകള് തുറന്നിട്ടുണ്ട്. ഓണ്ലൈന് പ്ലാറ്റ്ഫോം വഴിയാണ് ബാങ്ക് പുതിയ ഉപഭോക്താക്കളെ പ്രധാനമായും ചേര്ക്കുന്നത്.
മുന്വര്ഷങ്ങളില് ആര്ബിഐ നടത്തിയ പരിശോധനയില് കണ്ടെത്തിയ പോരായ്മകള് പരിഹരിക്കുന്നതില് ബാങ്ക് വീഴ്ചവരുത്തിയതായി റിസര്വ് ബാങ്ക് പറയുന്നു.
ഐടി സുരക്ഷയുടെ കാര്യത്തിലുള്ള ആര്ബിഐയുടെ മാനദണ്ഡങ്ങള് പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നിയന്ത്രണം ഏര്പ്പെടുത്തിയത്.