ബോൺവിറ്റ ആരോഗ്യ പാനീയമല്ല
April 14, 2024ന്യൂഡൽഹി: ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം എന്ന ലേബലിനുകീഴിൽ അവതരിപ്പിക്കരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ-കോമേഴ്സ് കമ്പനികൾക്ക് നിർദേശം നൽകി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷൻ (എൻ.സി.പി.സി.ആർ) നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അനുവദിച്ച പരിധിയിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.
2006ലെ ഭക്ഷ്യ സുരക്ഷ, നിലവാര നിയമത്തിൽ ‘ആരോഗ്യ പാനീയം’ എന്ന് നിർവചിച്ചിട്ടില്ലെന്ന് എൻ.സി.പി.സി.ആർ വ്യക്തമാക്കിയതുകൂടി കണക്കിലെടുത്താണ് മന്ത്രാലയം പുതിയ നിർദേശം പുറപ്പെടുവിച്ചത്.
ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റി ഈയിടെ പാൽ, മാൾട്ട് എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം, ഊർജ പാനീയം എന്നിങ്ങനെ ലേബൽ ചെയ്യുന്നത് വിലക്കിയിരുന്നു. ബോൺവിറ്റ കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും ഈയിടെ ഒരു യൂട്യൂബർ നടത്തിയ വെളിപ്പെടുത്തൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.