ഇന്ത്യയിൽ 1,266 കോടിയുടെ പുതിയ പ്ലാന്‍റുമായി പെപ്സി
April 4, 2024 0 By BizNewsന്യൂഡൽഹി: ഇന്ത്യക്കാരെ വെള്ളംകുടിപ്പിക്കാൻ ആഗോള കോളഭീമൻ, രാജ്യത്ത് വീണ്ടും വമ്പൻ നിക്ഷേപം നടത്തുന്നു. സോഫ്റ്റ് ഡ്രിംഗ് രംഗത്തെ പ്രമുഖ ബ്രാൻഡായ പെപ്സികോയാണ് ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നത്. മധ്യപ്രദേശിലെ ഉജ്ജയ്നിൽ 1,266 കോടി മുതൽമുടക്കിൽ പുതിയ പ്ലാന്‍റ് സ്ഥാപിക്കുമെന്നാണ് പെപ്സി അറിയിച്ചിരിക്കുന്നത്.
പുതിയ ഫ്ലേവർ നിർമാണ കേന്ദ്രമാണ് ഇവിടെ വരുന്നത്. ഇന്ത്യയിൽ പെപ്സിയുടെ ഉത്പാദനശേഷി വർധിപ്പിക്കാനാണ് പുതിയ പ്ലാന്‍റിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. പെപ്സിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ യൂണിറ്റാകുമിത്. ഈ വർഷം നിർമാണമാരംഭിക്കുന്ന പ്ലാന്‍റ് 2026 ആദ്യപാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബിലെ ചനോയിൽ സമാനമായ പ്ലാന്‍റ് പെപ്സികോ പ്രവർത്തിപ്പിക്കുന്നുണ്ട്.
സമീപ നാളുകളിൽ നെസ്‌ലെ, മൊണ്ടെലെസ് എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്‌ട്ര കമ്പനികൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തിയിരുന്നു. ബഹുരാഷ്‌ട്ര ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറിയതോടെയാണിത്. നെസ്‌ലെ കഴിഞ്ഞ വർഷം ഒഡീഷയിൽ 894.10 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ യൂണിറ്റാണ് ആരംഭിച്ചത്.
മൊണ്ടെലെസ് നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 4,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. പെപ്സികോയും ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തിവരികയാണ്. കഴിഞ്ഞ വർഷം, ആസാമിൽ ഭക്ഷ്യ ഉത്പ്പാദന പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 778 കോടി രൂപയുടെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു. 2025ൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലെയ്സിന്‍റെ പ്ലാന്‍റുകളുടെ വിപുലീകരണത്തിനായി 186 കോടി രൂപയാണ് പെപ്സികോ 2022ൽ പ്രഖ്യാപിച്ചത്. പെപ്സിയുടെ ലാഭം 2023 സാമ്പത്തികവർഷത്തിൽ 255 കോടിയായിരുന്നു. എന്നാൽ തൊട്ടുമുൻപത്തെ സാമ്പത്തികവർഷത്തിലാകട്ടെ കമ്പനിയുടെ ലാഭം 27.8 കോടി മാത്രവും. കോളഭീമന്‍റെ വരുമാനത്തിൽ 28.5 ശതമാനം വർധനവാണുണ്ടായത്. ലെയ്സ്, പെപ്സി, മിറിൻഡ, ട്രോപ്പിക്കാന എന്നീ ഉത്പന്നങ്ങളിൽനിന്നാണ് പെപ്സികോ വരുമാനം വാരിക്കൂട്ടിയത്.