21 ലക്ഷം സിം കാർഡുകൾ ഉടൻ റദ്ദാക്കപ്പെട്ടേക്കും; കർശന നടപടികൾക്ക് കേന്ദ്രസർക്കാർ
March 20, 2024 0 By BizNewsന്യൂഡൽഹി: വ്യാജരേഖകൾ ഉപയോഗിച്ച് എടുത്ത സിംകാർഡുകൾക്കെതിരെ കർശന നടപടിയുമായി ടെലികോം മന്ത്രാലയം. ഇത്തരത്തിലുള്ള 21 ലക്ഷം സിംകാർഡുകൾ ഉടൻ റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾക്ക് അധികൃതർ നിർദേശം നൽകി.
സംശയമുള്ള സിംകാർഡ് ഉടമകളുടെ ലിസ്റ്റും ഇവർക്ക് നൽകിയിട്ടുണ്ട്. ഉപഭാേക്താക്കൾ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കാനും അവ കൃത്യമല്ലെങ്കിൽ കണക്ഷൻ ഉടൻ റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് 114 കോടി കണക്ഷനുകൾ പരിശോധിച്ചതിൽ നിന്നാണ് 21 ലക്ഷം സിമ്മുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഒരാൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്ന ഒൻപത് സിംകാർഡുകൾ എന്ന പരിധി മറികടന്നും ചില കമ്പനികൾ കണക്ഷൻ നൽകിയിട്ടുണ്ട്.
നിലവിലില്ലാത്തതും വ്യാജവുമായ രേഖകൾ നൽകി എടുത്ത സിംകാർഡുകളിൽ ഭൂരിഭാഗവും സൈബർ കുറ്റകൃത്യങ്ങൾക്കോ ഓൺലൈൻ തട്ടിപ്പുകൾക്കോ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതോടെയാണ് സത്വര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായത്.
‘സഞ്ചാർ സാഥി’ പോർട്ടലിലൂടെ സിം നിയമാനുസൃതമാണോ എന്ന ഉപഭോക്താക്കൾക്ക് പരിശോധിക്കാം.
ഇപ്പോഴത്തെ നടപടി ഒരു തുടക്കമാണെന്നും അധികം വൈകാതെ സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സിമ്മുകൾ ബ്ലോക്കു ചെയ്യുന്നതിനൊപ്പം ആ സിമ്മുകൾ ഉപയോഗിച്ചിരുന്ന ഹാൻഡ് സെറ്റുകൾ പ്രവർത്തനരഹിതമാക്കാനുള്ള നടപടികളും ഉണ്ടാവുമെന്നാണ് അധികൃതർ നൽകുന്ന സൂചന.