ഫാര്‍മ കോഡ് വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ
March 15, 2024 0 By BizNewsമരുന്നുകളുടെ അധാർമ്മിക വിപണനം തടയുന്നതിനും, മെഡിക്കൽ പ്രൊഫഷണലുകളെ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് തടയാനും കേന്ദ്ര സർക്കാർ ഒരു ഫാര്‍മ കോഡ് വിജ്ഞാപനം ചെയ്തു.
∙ ഈ കോഡ് പ്രകാരം ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെൻ്റ് (DoP) ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകളോട് യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസ് (UCPMP) 2024 കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
∙ ആരോഗ്യരംഗത്തെ പ്രൊഫഷണലുകളും കമ്പനികളുടെ മെഡിക്കൽ പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിൻ്റെ സ്വഭാവം ഇനി ഇതിനായുള്ള കമ്മറ്റികൾ വിലയിരുത്തും.
∙ ഫാർമ അസോസിയേഷനുകളോട് മരുന്ന് നിർമാണ പ്രാക്ടീസുകൾക്കായി (ഇസിപിഎംപി) അഞ്ചംഗ എത്തിക്സ് കമ്മറ്റി രൂപീകരിക്കാനും അവരുടെ വെബ്സൈറ്റുകളിൽ പ്രത്യേക പോർട്ടൽ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
∙ മാനദണ്ഡങ്ങൾ ലംഘിച്ചാൽ പിഴ, സസ്പെൻഷൻ അല്ലെങ്കിൽ അസോസിയേഷനിൽ നിന്ന് ആ സ്ഥാപനത്തെ പുറത്താക്കൽ തുടങ്ങിയ ശിക്ഷകൾ ഉണ്ടാകും.
∙ ഏത് നിയമപ്രകാരമാണ് ഈ കോഡ് വിജ്ഞാപനം ചെയ്യപ്പെടുകയെന്നും പ്രോസിക്യൂഷൻ എങ്ങനെ നടത്തുമെന്നും ഇതുവരെ കൃത്യമായി വ്യക്തമായിട്ടില്ല.
∙ ഇതനുസരിച്ച്, വിൽപന അല്ലെങ്കിൽ വിതരണത്തിന് അംഗീകാരം നൽകുന്ന റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് ഏതെങ്കിലും മരുന്ന് പ്രോത്സാഹിപ്പിക്കരുത്.
∙ മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ശരിയായതായിരിക്കണം. നേരിട്ടോ സൂചനകൾ കൊണ്ടോ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പാടില്ലെന്നും ഫർമാ കോഡിൽ ഉണ്ട്.
∙ മരുന്നുകൾ നിർദ്ദേശിക്കാൻ യോഗ്യതയില്ലാത്തവർക്ക് സൗജന്യ സാമ്പിളുകൾ വിതരണം ചെയ്യുന്നത് ഫർമാ കോഡിൽ നിരോധിച്ചിട്ടുണ്ട്.
∙ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സമ്മാനങ്ങളും യാത്രാ സൗകര്യങ്ങളും നൽകുന്നതിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളെ വിലക്കുകയും ചെയ്യുന്നു.
∙ ഏതെങ്കിലും ഫാർമസ്യൂട്ടിക്കൽ കമ്പനിയോ ഏജൻ്റോ, അതായത്, വിതരണക്കാർ, മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ തുടങ്ങിയവർ മരുന്നുകൾ നിർദ്ദേശിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ യോഗ്യരായ ഏതെങ്കിലും വ്യക്തിക്ക് പണമോ, ആനുകൂല്യമോ വാഗ്ദാനം ചെയ്യുകയോ, നൽകുകയോ ചെയ്യരുതെന്ന് ഇതിലുണ്ട്.