ചെറുനാരങ്ങ വില കുതിക്കുന്നു
March 12, 2024പാലക്കാട്: വേനൽചൂടിൽ നാടിന്റെ തൊണ്ട വരളുമ്പോൾ സർബത്ത് മുതൽ ശീതളപാനീയങ്ങളിലെ സ്ഥിരംസാന്നിധ്യമായ ചെറുനാരങ്ങയുടെ വില പൊള്ളുന്നു. ചെറിയ നാരങ്ങക്ക് 160 രൂപയും വലിയതിന് 180 രൂപയുമാണ് കിലോക്ക് വില. എന്നാൽ, ചെറുകിട കടകളിൽ 200 രൂപ വരെയുണ്ട്. ഒരെണ്ണത്തിന് 10-12 രൂപ നൽകണം. ഉയരുന്ന ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വലിയങ്ങാടി മാർക്കറ്റിലെ വ്യാപാരി എം. വീരൻ പറഞ്ഞു. റമദാൻ കൂടി എത്തിയതോടെ കിലോക്ക് 200 രൂപക്ക് കടക്കും.
കഴിഞ്ഞമാസം കിലോക്ക് 60 രൂപയായിരുന്നു ചെറുനാരങ്ങയുടെ വില. ഒരാഴ്ചക്കിടെ 100 രൂപയോളം വർധിച്ചു. വേനൽ കനക്കുന്നതോടെ വില ഇനിയും ഉയരും. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി.
ചരക്കുകൂലി വർധനവും വില കൂടാൻ കാരണമായി. ചെറുനാരങ്ങ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ. 50 കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. കേട് മൂലം ഇതിൽ 10 കിലോയോളം നഷ്ടമാകുമെന്ന് വ്യാപാരികൾ പറഞ്ഞു.