ദുബൈയിൽ വിദേശ ബാങ്കുകൾക്ക് 20 ശതമാനം നികുതി
March 9, 2024 0 By BizNewsദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് 20 ശതമാനം വാർഷിക നികുതി ഏർപ്പെടുത്തുന്നതിനുള്ള നിയമത്തിന് അംഗീകാരം നൽകി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ദുബൈ ഫിനാൻഷ്യൽ സെന്ററിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒഴികെ ഫ്രീസോൺ, സ്പെഷൽ ഡെവലപ്മെന്റ് സോൺ ഉൾപ്പെടെ ദുബൈയിലെ എല്ലാ വിദേശ ബാങ്കുകൾക്കും നിയമം ബാധകമാണ്.
നികുതി ബാധകമായ വരുമാനത്തിന് മാത്രമാണ് 20 ശതമാനം വാർഷിക നികുതി നൽകേണ്ടത്. എന്നാൽ, നിലവിൽ കോർപറേറ്റ് നികുതി അടക്കുന്ന സ്ഥാപനങ്ങൾക്ക് ഇതിൽ ഇളവ് ലഭിക്കും.
കമ്പനികളുടെ നികുതി അടക്കേണ്ട വരുമാനം എത്രയെന്ന് കണക്കാക്കുന്നതിനുള്ള നിയമങ്ങൾ, നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും നികുതി അടക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ, വളന്ററി ഡിക്ലറേഷൻ, ഓഡിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നികുതി ഓഡിറ്റ് പ്രക്രിയയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എന്നിവ പുതിയ നിയമത്തിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
സെൻട്രൽ ബാങ്കിന്റെ ലൈസൻസോടെ ദുബൈയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെയും നികുതി ഓഡിറ്റിന് വിധേയരായ വ്യക്തിയുടെയും അവകാശങ്ങളെ കുറിച്ചും നിയമം വ്യക്തമാക്കുന്നു.