ഈ മാസം നിങ്ങളെ നേരിട്ടു ബാധിച്ചേക്കാവുന്ന സാമ്പത്തീക കാര്യങ്ങള്‍
March 2, 2024 0 By BizNewsഎല്ലാ മാസവും പുതിയ മാറ്റങ്ങളുടേത് കൂടിയാണ്. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതാണെങ്കില്‍ അവ അറിയാതെ പോകരുത്. പ്രത്യേകിച്ച് സാമ്പത്തിക മാറ്റങ്ങള്‍. മാര്‍ച്ചില്‍ നിങ്ങളെ കാത്തിരിക്കുന്നത് പ്രധാനമായും ആറു മാറ്റങ്ങളാണ്. ഇവയില്‍ പലതും നിങ്ങളുടെ ബജറ്റിനെ നേരിട്ടു ബാധിച്ചേക്കാവുന്നതാണ്. ബാങ്ക് മുതല്‍ യാത്രകള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മാറ്റങ്ങള്‍ അറിഞ്ഞ് നീങ്ങാം.
ജിഎസ്ടി ഇ-വേ ബില്‍
ഈ മാറ്റം സംരംഭകരെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ജിഎസ്ടി നിയമപ്രകാരം, വാര്‍ഷിക വിറ്റുവരവ് 5 കോടി രൂപയില്‍ കൂടുതലുള്ള ബിസിനസുകള്‍ക്ക് അവരുടെ ബി2ബി ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സുകള്‍ ഇല്ലാതെ ഇ-വേ ബില്ലുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല.
ഫാസ്ടാഗ് കെവൈസി
ഫാസ്ടാഗ് ഉപയോക്താക്കള്‍ക്കായി കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച് അവസാനം വരെ നീട്ടി. ഫാസ്ടാഗ് ഉപയോക്താക്കള്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നത് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിര്‍ബന്ധമാക്കിയിട്ടുണ്ട്. കെവൈസി അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ഫാസ്ടാഗ് അക്കൗണ്ടുകള്‍ സമയപരിധിക്കു ശേഷം ബാങ്കുകള്‍ അസാധുവാക്കും.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ക്രെഡിറ്റ് കാര്‍ഡുകളിലെ മിനിമം ഡേ ബില്‍ കണക്കുകൂട്ടല്‍ പ്രക്രിയ മാറ്റുന്നു. പുതിയ നിയമം മാര്‍ച്ച് 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇക്കാര്യം ഇതോടകം ബാങ്ക് ഉപയോക്താക്കളെ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്
പേടിഎം പേയ്മെന്റ് ബാങ്കിന് ആര്‍ബിഐ നല്‍കിയിരിക്കുന്ന സാവകാശവും ഈ മാസം പകതുയില്‍ അവസാനിക്കും. മാര്‍ച്ച് 15 ന് ശേഷം യാതൊരുവിധ ഇടപാടുകളും പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ചെയ്യാന്‍ കഴിയില്ല. നിശ്ചിത തീയതിക്ക് മുമ്പ് ഉപഭോക്താക്കളും, വ്യാപാരികളും തങ്ങളുടെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം.
ബാങ്ക് അവധി
ഈ മാസം മൊത്തം 14 ബാങ്ക് അവധികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പല അവധികളും എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമല്ല. മാര്‍ച്ച് 8 (മഹാശിവരാത്രി), മാര്‍ച്ച് 25 (ഹോളി), മാര്‍ച്ച് 29 (ദുഃഖവെള്ളി) എന്നിവ പൊതു അവധികളാണ്.
എല്‍പിജി വില
പതിവ് പോലെ മാസാദ്യം തന്നെ എണ്ണക്കമ്പനികള്‍ എല്‍പിജി വിലയില്‍ ഇടപെട്ടു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 25.50 രൂപയുടെ വര്‍ധനയാണ് ഇന്നു പ്രഖ്യാപിച്ചത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് നിലവില്‍ കൊച്ചിയില്‍ 1,806.50 രൂപ വില വരും.