ആഗോള സാഹചര്യങ്ങൾ അനുകൂലമെങ്കിലും പ്രതിസന്ധി ഒഴിയാതെ ആഭ്യന്തര റബര്‍ കര്‍ഷകര്‍
February 28, 2024 0 By BizNewsആഗോള സാഹചര്യങ്ങൾ അനുകൂലമെങ്കിലും പ്രതിസന്ധി ഒഴിയാതെ ആഭ്യന്തര റബര്‍ കര്‍ഷകര്‍
കോട്ടയം: വിദേശ റബര്‍വില കിലോയ്ക്ക് 25 രൂപ ഉയര്‍ന്നുനില്‍ക്കുമ്പോഴും അഭ്യന്തര വില ഉയരാന്‍ അനുവദിക്കാതെ വ്യവസായികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ഉത്പാദനത്തില്‍ ഒന്നേകാല്‍ ലക്ഷത്തിന്‍റെ കുറവു വരുന്ന സാഹചര്യത്തിലും കര്‍ഷകര്‍ക്ക് നേട്ടമില്ല.
മാസം 40,000 ടണ്ണിനു മുകളില്‍ അഞ്ചു ലക്ഷം ടണ്ണോളം റബര്‍ ഇറക്കുമതി കൂടാതെ മാസം 16,000 ടണ്‍ കോമ്പൗണ്ട് റബര്‍കൂടി ഇറക്കുമതിയുണ്ട്. റബര്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ അടയ്ക്കണമെന്നാണ് നിയമമെങ്കിലും വ്യവസായികള്‍ ഷീറ്റിനു പകരം ബ്ലോക്ക് റബറാണ് വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നത്.
ബ്ലോക്ക് റബറിന് 130 മാത്രമാണ് വിദേശവില. ടയര്‍ കയറ്റുമതിക്ക് ആനുപാതികമായി ഇറക്കുമതി തീരുവയില്‍ ഇളവുള്ളതിനാല്‍ 60 ശതമാനം റബര്‍ ഇറക്കുമതിയും തീരുവ അടയ്ക്കാതെയാണ്.
ആസിയാന്‍ കരാറിന്‍റെ ആനുകൂല്യത്തിലാണ് കേവലം 10 ശതമാനം തീരുവ അടച്ച് കോമ്പൗണ്ട് റബറിന്‍റെ (കൃത്രിമവസ്തുക്കള്‍ ചേര്‍ത്ത് പൊടിച്ച റബര്‍) വന്‍തോതിലുള്ള ഇറക്കുമതി.
ഇത്തരം റബറിന്‍റെ തീരുവ ഉയര്‍ത്താന്‍ മുന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ള ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇത് ബാധകമല്ലെന്ന് ആനുകൂല്യമാണ് വ്യവസായികള്‍ക്കുള്ളത്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബറിന്‍റെ 55 ശതമാനവും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. ബജറ്റില്‍ നിര്‍ദേശിച്ച 25 ശതമാനം തീരുവ വര്‍ധന സ്വതന്ത്ര വ്യാപാര കരാറിനു ബാധകമല്ല. വ്യാപാര കരാറിലേര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കു മാത്രമേ ബാധകമാകൂ.
വിലയിടിവിനെത്തുടര്‍ന്ന് റബര്‍ ഉത്പാദനത്തില്‍ കേരളത്തിന്‍റെ വിഹിതം രണ്ടു വര്‍ഷമായി കുത്തനെ ഇടിയുകയാണ്. ആകെ ഉത്പാദനത്തില്‍ 60 ശതമാനം മാത്രമാണ് കേരളത്തിന്‍റെ വിഹിതം. അഞ്ചു വര്‍ഷം മുമ്പു വരെ ഇത് 75 ശതമാനത്തിനു മുകളിലായിരുന്നു.
കേരളത്തില്‍ 35 ശതമാനം കര്‍ഷകരും നിലവില്‍ ലാറ്റക്‌സായി വില്‍ക്കുകയാണ്. 25 ശതമാനം കര്‍ഷകരും കപ്പ്‌ലംബാ (ചണ്ടിപ്പാല്‍)യും. ഈ സാഹചര്യത്തില്‍ ക്രീപ്പ്, ക്രംബ് ഫാക്ടറികളില്‍ ഒട്ടുപാല്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഒട്ടുപാല്‍ വിലയും ഉയരുന്നില്ല.
നിലവില്‍ ഒന്നേമുക്കാല്‍ ലക്ഷം ടണ്‍ ക്രംബ് റബറാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ക്രംബ് ചെറിയ വിലയ്ക്ക് ടയര്‍ വ്യവസായികള്‍ വാങ്ങുന്നതും ഷീറ്റ് വില ഉയരാത്തതിന് കാരണമായി. തനിയെ ടാപ്പിംഗ് നടത്തുന്ന ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് തുടരുന്നതിനാല്‍ മാര്‍ക്കറ്റില്‍ ഷീറ്റ് വരുന്നുണ്ട്.
9.5 ലക്ഷം ടണ്‍വരെ ഉയര്‍ന്ന റബര്‍ ഉത്പാദനം കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 8.5 ലക്ഷത്തിലേക്ക് കുറഞ്ഞിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം ടണ്ണിലും താഴെയായിരിക്കും ഉത്പാദനം.
വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കേ യും ഷീറ്റ് വില ഉയരുന്നില്ല.
ടയര്‍ കമ്പനികള്‍ പരിമിതമായി മാത്രം ഷീറ്റ് വാങ്ങുകയും ടയറിനുള്ള ഗണ്യഭാഗവും കോമ്പൗണ്ട്, ക്രംബ് റബര്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ ഷീറ്റ് വില കാര്യമായി ഉയരാനിടയില്ല.
വില ഉയര്‍ത്താത്തതില്‍ റബര്‍ ബോര്‍ഡിന്‍റെ നിഷേധ നിലപാടും വാണിജ്യമന്ത്രാലയത്തിന്‍റെ വ്യവസായ താത്പര്യവുമുണ്ട്.