‘പാർക്കിൻ’ ഓഹരി വിപണിയിലേക്ക്
February 28, 2024ദുബൈ: എമിറേറ്റിലെ പാർക്കിങ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന കമ്പനിയായ ‘പാർക്കിൻ’ ഓഹരി വിപണിയിലേക്ക്. മാർച്ച് അഞ്ചു മുതൽ 12 വരെയാണ് കമ്പനിയുടെ 24.99 ശതമാനം ഓഹരികൾ ഐ.പി.ഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്) വഴി വിപണിയിലെത്തുക. ഈ വർഷം രാജ്യത്ത് പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഐ.പി.ഒയാണ് കമ്പനിയുടേതെന്ന സവിശേഷതയുണ്ട്. നേരത്തേ ദുബൈ ടോൾ ഓപറേറ്ററായ ‘സാലികും’ ദുബൈ ടാക്സി കമ്പനിയും അടക്കം വിവിധ സ്ഥാപനങ്ങൾ ഐ.പി.ഒ വിൽപന നടത്തിയിരുന്നു. ജനുവരിയിലാണ് പബ്ലിക് ജോയന്റ് സ്റ്റോക് കമ്പനിയായി ‘പാർക്കിൻ’ സ്ഥാപിതമായത്. ആകെ 74.97 കോടി ഓഹരികളാണ് ഐ.പി.ഒ വഴി ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുകയെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പാർക്കിൻ ഓഹരി വിപണിയിലേക്കു വരുന്നത് റീട്ടെയിൽ നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നതാണ്. 10 ശതമാനം ഓഹരികൾ വരെ റീട്ടെയിൽ നിക്ഷേപകർക്ക് 5000 ദിർഹം കുറഞ്ഞ നിരക്ക് കണക്കാക്കി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഓഹരി വില മാർച്ച് അഞ്ചിനായിരിക്കും പ്രഖ്യാപിക്കുക. മാർച്ച് 21നാണ് കമ്പനി ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. നഗരത്തിലെ മിക്ക പെയ്ഡ് പാർക്കിങ് സ്ഥലങ്ങളും നിയന്ത്രിക്കുന്നത് പാർക്കിനാണ്. കമ്പനി പുറത്തുവിട്ട കണക്കുകൾപ്രകാരം 90 ശതമാനം തെരുവുകളിലെയും അല്ലാത്തതുമായ പാർക്കിങ് കമ്പനിക്ക് കീഴിലാണുള്ളത്. 85 സ്ഥലങ്ങളിലായി 1.75 ലക്ഷം പാർക്കിങ് സ്ഥലങ്ങൾ കമ്പനിക്ക് കീഴിലുണ്ട്. ഇതിന് പുറമെ, ഏഴ് ഡെവലപ്പർമാരുടെ കീഴിലെ 18,000 പാർക്കിങ് സ്ഥലങ്ങളും കമ്പനി ഓപറേറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പാർക്കിനിന്റെ വരുമാനം, മുൻ വർഷത്തേക്കാൾ 13.5 ശതമാനം വർധിച്ചിരുന്നു. 2023 ഡിസംബർ 31 വരെയുള്ള വരുമാനം 77.94 കോടിയാണ് കണക്കാക്കിയത്. വളർന്നുകൊണ്ടിരിക്കുന്ന ദുബൈയുടെ ജനസംഖ്യക്കും സമ്പദ്വ്യവസ്ഥക്കും ഒപ്പം കമ്പനിയും വളരുമെന്നും അതിനാൽ തന്നെ പാർക്കിനിന്റെ ഭാവിയിൽ ആത്മവിശ്വാസമുണ്ടെന്നും ഐ.പി.ഒ പ്രഖ്യാപിച്ച് പാർക്കിൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ അഹമ്മദ് ഹാശിം ബഹ്റോസിയാൻ പറഞ്ഞു. ഓരോ വർഷവും രണ്ടു തവണകളിലായി ഓഹരിയുടമകൾക്ക് ഡിവിഡൻറ് നൽകാനാണ് കമ്പനി തീരുമാനം.
2021 നവംബറിലാണ് 10 സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ കമ്പനികളെ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതിന് പ്രോത്സാഹനം നൽകുകകൂടി ഇതിന്റെ ലക്ഷ്യമാണ്. ദുബൈ വൈദ്യുത, ജല അതോറിറ്റി (ദീവ), ടീകോം, സാലിക്, എംപവർ, ദുബൈ ടാക്സി കമ്പനി എന്നിവ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയുടെയെല്ലാം ഓഹരികൾക്ക് മികച്ച പ്രതികരണമാണുണ്ടായത്.