2023ൽ ഇന്ത്യയിൽ വിതരണം ചെയ്തത് 1.37 കോടി പാസ്‌പോർട്ടുകൾ
February 26, 2024 0 By BizNews2023ൽ ഇന്ത്യയിൽ ഏകദേശം 1.37 കോടി പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇത് ദിവസേന ശരാശരി 37,700 പാസ്‌പോർട്ടുകൾ എന്നതിന് തുല്യമാണ്.
കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചത്. ഈ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളവും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ മാത്രം ഏകദേശം 11 ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം വിതരണം ചെയ്ത മൊത്തം പാസ്‌പോർട്ടുകളിൽ പകുതിയോളം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളം (15.47 ലക്ഷം), മഹാരാഷ്ട്ര (15.10 ലക്ഷം), ഉത്തർപ്രദേശ് (13.68 ലക്ഷം), തമിഴ്നാട് (11.47 ലക്ഷം), പഞ്ചാബ് (11.94 ലക്ഷം) എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.
2022-ൽ രാജ്യത്ത് ഏകദേശം 1.17 കോടി പാസ്‌പോർട്ടുകളും 2021-ൽ 73 ലക്ഷത്തിലധികം പാസ്‌പോർട്ടുകളും വിതരണം ചെയ്തിരുന്നു.
പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള എളുപ്പമാണ് ഇന്ത്യയിൽ പാസ്‌പോർട്ട് വിതരണം വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്. 2015-ൽ ശരാശരി പാസ്‌പോർട്ട് വിതരണ സമയം 21 ദിവസമായിരുന്നുവെങ്കിൽ 2023-ൽ അത് വെറും ആറ് ദിവസമായി കുറഞ്ഞു.
കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏകദേശം രണ്ട് ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു, സമാനമായ എണ്ണം പുതിയ അപേക്ഷകളും ലഭിച്ചിട്ടുണ്ട്. 2023 ജനുവരി മാസത്തിൽ മാത്രം ഏകദേശം 11 ലക്ഷം പാസ്‌പോർട്ടുകൾ ഇന്ത്യയിൽ വിതരണം ചെയ്‌തു.
2022-ൽ 87-ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പാസ്‌പോർട്ടിന്റെ കരുത്ത് 2023-ൽ 80-ാം സ്ഥാനത്തേക്ക് ഉയർന്നു.
സാമ്പത്തിക വളർച്ചയും ആഗോളവൽക്കരണവുമാണ് പാസ്‌പോർട്ടിന്റെ ഡിമാൻഡ് വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് പറയുന്നു. വലിയ നഗരങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നും ഒരുപോലെയാണ് പാസ്‌പോർട്ടിന് ആവശ്യമേറുന്നത്.
ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകുന്നതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് വിദേശകാര്യ മന്ത്രാലയമാണ് (MEA). പാസ്‌പോർട്ട് നിയമം 1967 പ്രകാരം കേന്ദ്രസർക്കാർ പൊതു, നയതന്ത്ര, ഔദ്യോഗിക, അടിയന്തര സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള പാസ്‌പോർട്ടുകൾ നൽകുന്നു.
കേരളത്തിൽ നിന്നും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്ത് ഉപരിപഠനത്തിനും തൊഴിലവസരങ്ങൾക്കുമായി പോകുന്ന സാഹചര്യത്തിൽ പാസ്‌പോർട്ട് ആവശ്യകതയുടെ എണ്ണം വർദ്ധിക്കുകയാണ്.