കുരുമുളക് ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി
February 20, 2024 0 By BizNewsപുതുവർഷാഘോഷങ്ങൾ കഴിഞ്ഞ് ചൈനീസ് വ്യവസായികൾ ഇന്ന് രാജ്യാന്തര റബർ വിപണിയിൽ തിരിച്ചെത്തും. സർക്കാർ ഏജൻസിയുടെ താങ്ങിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു.
ഹൈറേഞ്ച് മേഖലയിൽ കുരുമുളക് വിളവെടുപ്പ് ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി. കാലവർഷം ദുർബലമായത് മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത് പല തോട്ടങ്ങളിലും മുളക് മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു.
തുലാവർഷം അനുകൂലമായെങ്കിലും വിളവ് പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്ന് കർഷകർ. മാസാവസാനത്തിൽ തന്നെ വിളവെടുപ്പ് പൂർത്തിയാകുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. അതേസമയം ടെർമിനൽ മാർക്കറ്റിൽ പ്രതിദിനം ശരാശരി 40 ടൺ മുളക് വിൽപനക്ക് എത്തുന്നതിൽ ഇറക്കുമതി മുളകും കലർന്നിട്ടുണ്ട്.
വിദേശ കുരുമുളക് ഗുണനിലവാരത്തിൽ പിന്നിലായതിനാൽ ചരക്കുവരവ് വിലയിടിവ് രൂക്ഷമാക്കി. ചുരുങ്ങിയ ആഴ്‌ചകളിൽ ഏകദേശം 4000 രൂപ കുറഞ്ഞു. വാരാവസാനം അൺഗാർബിൾഡ് കുരുമുളക് 54,100 രൂപയിലാണ്.
ഇതിനിടയിൽ അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6800 ഡോളറിലേക്ക് താഴ്‌ന്നു. വിലയിടിവ് വിദേശ വ്യാപാരങ്ങൾക്ക് അവസരം ഒരുക്കില്ലെന്നാണ് കയറ്റുമതി മേഖലയുടെ വിലയിരുത്തൽ.
ഇതര ഉൽപാദന രാജ്യങ്ങൾ 4000-4500 ഡോളറിനാണ് കുരുമുളക് അയക്കുന്നത്.