ഇടപാട് നിർത്താൻ പേടിഎം ബാങ്കിന് സമയം നീട്ടി നൽകി റിസർവ് ബാങ്ക്
February 17, 2024മുംബൈ: ഇടപാടുകൾ അവസാനിപ്പിക്കാൻ പേടിഎം പേയ്മെന്റ് ബാങ്കിന് മാർച്ച് 15 വരെ സാവകാശം അനുവദിച്ച് റിസർവ് ബാങ്ക് (ആർ.ബി.ഐ). നേരത്തെ ഫെബ്രുവരി 29ന് ശേഷം ഇടപാടുകൾ പാടില്ലെന്ന് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഇതാണ് മാർച്ച് 15 വരെ നീട്ടിയത്.
കച്ചവടക്കാർ ഉൾപ്പെടെയുള്ള പേടിഎം ബാങ്ക് ഉപഭോക്താക്കൾക്ക് പകരം സംവിധാനം ഒരുക്കാൻ കൂടുതൽ സമയം വേണമെന്നതിനാലാണിത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ നിക്ഷേപം പിൻവലിക്കാൻ സൗകര്യമൊരുക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. പേടിഎമ്മുമായി ബന്ധപ്പെട്ട് സ്ഥിരം ഉന്നയിക്കുന്ന സംശയങ്ങളും അവക്കുള്ള മറുപടിയും വെള്ളിയാഴ്ച ആർ.ബി.ഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
29നുശേഷം പേടിഎം പേമെന്റ്സ് ബാങ്കിന്റെ പരിധിയിൽവരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ നിക്ഷേപ, വായ്പ ഇടപാടുകൾ നടത്തുകയോ പാടില്ലെന്ന് ജനുവരി 31നാണ് ആർ.ബി.ഐ ഉത്തരവിട്ടത്. പ്രീപെയ്ഡ് സൗകര്യങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗ് തുടങ്ങിയവയിൽ നിക്ഷേപം കൂട്ടാനും (ടോപ്അപ്) പാടില്ലെന്നും നിർദേശിച്ചിരുന്നു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും റിസർവ് ബാങ്ക് നിർദേശങ്ങളുടെ ലംഘനവുമാണ് പേടിഎം ബാങ്കിനെതിരായ നടപടിയിലേക്ക് നയിച്ചത്.