വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
February 8, 2024മുംബൈ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐയുടെ വായ്പ അവലോകന യോഗം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും.
തുടർച്ചയായി ആറാം തവണയാണ് പലിശനിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്താത്തത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.5 ശതമാനം നിരക്കിൽ വളരുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.2024ലും ആഗോള സമ്പദ്‍വ്യവസ്ഥയുടെ വളർച്ച സുസ്ഥിരമായിരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഉയർന്ന അളവിലുള്ള പൊതുകടം വികസിത രാജ്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വികസ്വര രാജ്യങ്ങളേക്കാൾ പൊതുകടമുള്ളത് വികസിത രാജ്യങ്ങളിലാണ്. വായ്പകളിൽ സുസ്ഥിരതയുണ്ടാക്കുകയെന്ന വെല്ലുവിളിയാണ് വികസിത സമ്പദ്‍വ്യവസ്ഥകൾക്ക് മറികടക്കാനുള്ളതെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. കടം കുറച്ചാൽ മാത്രമേ പുതിയ നിക്ഷേപങ്ങൾക്ക് വികസിത രാജ്യങ്ങൾക്ക് ശേഷിയുണ്ടാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.