മെട്രോ, ബസ് യാത്രകള്‍ക്ക് ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്
February 7, 2024കൊച്ചി: നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാർഡുമായി ഫെഡറല്‍ ബാങ്ക്. ഈ സംവിധാനം അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് ഫെഡറൽ ബാങ്ക്.
നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി (എൻ.സി.എം.സി) സംയോജിപ്പിച്ച റൂപേ കോണ്ടാക്ട്ലെസ് ഡെബിറ്റ് കാർഡുപയോഗിച്ച് എൻ.സി.എം.സി സംവിധാനമുള്ള മെട്രോ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും ഓഫ്ലൈനായി പണമടക്കാം. ഈ കാര്‍ഡുകളില്‍ നിലവില്‍ 2000 രൂപ വരെ സൂക്ഷിക്കാനും യാത്രാവേളകളില്‍ ഉപയോഗിക്കാനും കഴിയും.
റൂപേ ഡെബിറ്റ് കാര്‍ഡുകളില്‍ എൻ.സി.എം.സി സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ഐ.വി.ആര് എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ച് കാര്‍ഡിലെ ‘കോണ്ടാക്ട്ലെസ്’ ഫീച്ചര്‍ എനേബിള്‍ ചെയ്യണം. ശേഷം മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ ഡെസ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനും പണം ചേര്‍ക്കാനും കഴിയും. സേവിങ്സ് അക്കൗണ്ടില്‍നിന്നോ കാര്‍ഡ് ഉപയോഗിച്ചോ മെട്രോ സ്റ്റേഷനുകളില്‍ പണം നേരിട്ട് നല്‍കിയോ കാര്‍ഡില്‍ പണം ചേര്‍ക്കാം.
എൻ.സി.എം.സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് യാത്രാവേളകളില്‍ വേറെ ടിക്കറ്റ് എടുക്കേണ്ടതില്ല. സ്റ്റേഷനുകളിലെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലുമുള്ള കാര്‍ഡ് റീഡറില്‍ കാര്‍ഡ് ടാപ് ചെയ്താല്‍ മാത്രം മതി.