കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ…
February 1, 2024ന്യൂഡൽഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെയാണ് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ചില നിർദേശങ്ങളും റെയിൽവേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മോദി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ കൂടുതൽ വിപുലമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
ബജറ്റ് പ്രഖ്യാപനങ്ങൾ
- പ്രത്യക്ഷ-പരോക്ഷ നികുതികളിൽ മാറ്റമില്ല
- ഇറക്കുമതി തീരുവകളിലും മാറ്റമില്ല
- ധനക്കമ്മി 5.1 ശതമാനമാക്കി കുറയ്ക്കും
- ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയിൽ ഉൾപ്പെടുത്തും
- ലക്ഷദ്വീപിലും ടൂറിസം വികസനം യാഥാർഥ്യമാക്കും
- ലോകനിലവാരത്തിൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സഹായം നൽകും
- അടിസ്ഥാന സൗകര്യ മേഖലക്കുള്ള ഫണ്ട് 11.11 ലക്ഷം കോടിയായി ഉയർത്തി
- 35 ലക്ഷം തൊഴിലവസരങ്ങൾ ഉടൻ യാഥാർഥ്യമാക്കും
- മത്സ്യമേഖലയിൽ 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
- യുവാക്കൾക്ക് പലിശരഹിത വായ്പ നൽകാനായി ഒരു ലക്ഷം കോടിയുടെ ഫണ്ട്
- പൊതുഗതാഗതത്തിന് കൂടുതൽ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കും
- ഇലക്ട്രിക് വാഹനവിപണി വിപുലമാക്കും
- 40,000 റെയിൽവേ കോച്ചുകൾ വന്ദേഭാരത് നിലവാരത്തിലാക്കും
- മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ
- വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കും
- രാഷ്ട്രീയ ഗോകുൽ പദ്ധതി വഴി പാലുൽപ്പാദനം വർധിപ്പിക്കും
- കാർഷിക മേഖലയിൽ സ്വകാര്യവൽക്കരണം
- നിലവിലെ ആശുപത്രികളെ മെഡിക്കൽ കോളജുകളാക്കാൻ വിദഗ്ധസമിതി
- എണക്കുരുക്കളുടെ ഉൽപാദനം വർധിപ്പിക്കാൻ നടപടി
- ഇടത്തരക്കാർക്ക് വീടുകൾ നിർമിക്കാൻ സഹായം നൽകും
- അടുത്ത അഞ്ച് വർഷം കൊണ്ട് രണ്ട് കോടി വീടുകൾ കൂടി നിർമിക്കും
- ഒരു കോടി വീടുകളിൽ സോളാർ പദ്ധതിയിലൂടെ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും
- പ്രതിരോധ ആവശ്യങ്ങൾക്കായി പുത്തൻ സാങ്കേതികവിദ്യ വികസിപ്പിക്കും
- രാജ്യത്തിന്റെ കിഴക്കൻ മേഖലയുടെ വികസനത്തിനായി പ്രത്യേക പരിഗണന
- ജനസംഖ്യ വർധന പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കും
- ടൂറിസം വികസനത്തിന് പലിശരഹിത വായ്പ
- ടൂറിസം രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും