800 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു

800 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു

January 6, 2024 0 By BizNews

തിരുവനന്തപുരം : വികസന പ്രവർത്തനങ്ങൾക്കായുള്ള സാമ്പത്തിക ചെലവുകൾക്കായി 800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരള സർക്കാർ.ഇതിനായുള്ള ലേലം ജനുവരി 9ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ സംവിധാനമായ ഇ-കുബേറില്‍ (E-Kuber) നടക്കും.

ക്രിസ്മസ്-പുതുവത്സരകാല ചെലവുകള്‍, ക്ഷേമ പെന്‍ഷന്‍ വിതരണം, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങൾക്ക് പണം ചെലവഴിക്കാൻ ഈകഴിഞ്ഞ ഡിസംബറിൽ മൊത്തം 3100 രൂപ കടമെടുത്തിരുന്നു.

കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത കടങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമായി പരിഗണിക്കുന്നത് താത്കാലികമായി ഒരുവര്‍ഷത്തേക്ക് നീട്ടുകയാണെന്ന് കേന്ദ്രം കഴിഞ്ഞമാസം അറിയിച്ചിരുന്നു.ഇതുവഴി 3,140.7 കോടി രൂപ അധികമായി കടമെടുക്കാനുള്ള അവസരമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.

ജനുവരി-മാര്‍ച്ചില്‍ കേരളത്തിന് കടമെടുക്കാനാവുക പരമാവധി 3,838 കോടി രൂപയായിരിക്കുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയത്. ഇതില്‍ 2,000 കോടി രൂപ മുന്‍കൂറായി തന്നെ കേരളം കടമെടുത്തിരുന്നതിനാല്‍ ഇനി ശേഷിക്കുന്നത് 1,838 കോടി രൂപ മാത്രമാണ്.

ജനുവരി-മാര്‍ച്ചിലെ ചെലവുകള്‍ക്കായി മൊത്തം 30,000 കോടി രൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.12,000 കോടി രൂപയാണ് സർക്കാരിന്റെ വരുമാനം.പ്രതിമാസം ശരാശരി 15,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ്.കടം എടുത്താണ് ബാക്കി ചിലവുകൾ സർക്കാർ കൈകാര്യം ചെയ്യുന്നത്.