സ്വർണ വില എങ്ങോട്ട്?

സ്വർണ വില എങ്ങോട്ട്?

December 31, 2023 0 By BizNews

കഴിഞ്ഞ രണ്ടുമാസമായി സ്വർണവില ഉയരുകയും സമീപകാലത്ത് റെക്കോഡ് ഉയരങ്ങളിലെത്തുകയും ചെയ്തു, യുദ്ധങ്ങൾ, 2024 ന്റെ തുടക്കത്തിൽ പലിശനിരക്കുകൾ കുറക്കുമെന്ന വർധിച്ചുവരുന്ന പ്രതീക്ഷ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും അമേരിക്കയിലെ ചെലവ് ചുരുക്കലുമെല്ലാം മഞ്ഞലോഹത്തെ പ്രിയപ്പെട്ട നിക്ഷേപമാക്കുന്നു. ഡിസംബർ ആദ്യവാരത്തിൽ ചരിത്ര നിലവാരമായ ഔൺസിന് 2100 ഡോളർ എന്ന നിലയിൽ സ്വർണ വില എത്തിയിരുന്നു. ഒക്ടോബർ മുതൽ 11 ശതമാനം വില വർധിച്ചു. എന്നാൽ, ആഭ്യന്തര ഡിമാൻഡ് മന്ദഗതിയിലായതിനാൽ പ്രാദേശികമായി അന്താരാഷ്ട്ര വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. നവംബറിൽ, ആർ‌.ബി.‌ഐ അതിന്റെ സ്വർണശേഖരം വർധിപ്പിക്കുന്നതിൽനിന്ന് വിട്ടുനിന്നു. ഇത് ആറുമാസത്തിനിടയിലെ ആദ്യ സംഭവമാണ്.

സ്വർണ വില എങ്ങോട്ട്?ഇന്ത്യൻ ഗോൾഡ് ഇ.ടി.എഫുകൾ ഏപ്രിൽ മുതൽ സുസ്ഥിരമായ നിക്ഷേപം കണ്ടു. നവംബറിൽ 47 ദശലക്ഷം യു.എസ് ഡോളറിന്റെ ഒഴുക്കുണ്ടായി.
നിലവിലെ ഉയർന്ന വിലയുടെ അന്തരീക്ഷം സ്വർണത്തിന്റെ ആവശ്യകത കുറക്കാൻ സാധ്യതയുണ്ട്. ഗാർഹിക സ്വർണ ഉപഭോഗം വിവാഹങ്ങൾക്ക് മാത്രമായി ചുരുങ്ങി. ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങൾ വാങ്ങലുകൾ ഇനി പരിമിതമായിരിക്കും. നിലവിലെ ആഗോള രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്താൽ നിക്ഷേപം വർധിക്കാൻ സാധ്യതയുണ്ട്. അനുകൂലമായ ആഭ്യന്തര സാമ്പത്തിക വളർച്ച സാധ്യതകൾ, ചെലവുകളിലെ വർധന എന്നിവയും സ്വർണ നിക്ഷേപ ആവശ്യകതയെ പിന്തുണക്കും. സ്വർണ ഇ.ടി.എഫുകളിൽ നിക്ഷേപകരുടെ താൽപര്യം വർധിക്കുന്നത് നിലനിൽക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ 47,000 എന്ന സർവകാല റെക്കോഡ് മറികടന്ന സ്വർണം ഗ്രാമിന് 6,000 എന്ന മോഹവില തൊട്ടാലും അത്ഭുതപ്പെടാനില്ല.