അബൂദബി എണ്ണയിതര സമ്പദ്വ്യവസ്ഥയിൽ കുതിപ്പ്
December 31, 2023അബൂദബി: എമിറേറ്റിലെ എണ്ണയിതര സമ്പദ്വ്യവസ്ഥ ഒമ്പതു മാസത്തിനിടെ 8.6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. 2022നെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ എണ്ണയിതര മേഖലയിൽ നിന്നുള്ള ജി.ഡി.പിയിൽ 7.7 ശതമാനത്തിന്റെ വളർച്ച നേടിയതായും അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (എസ്.സി.എ.ഡി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, മൊത്ത ആഭ്യന്തര വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2.8 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.
എസ്.ഡി.എ.ഡിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം എണ്ണയിതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും വളർച്ച നിരക്ക് നിലനിർത്തുകയും മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയിലേക്ക് 52.8 ശതമാനം സംഭാവന നൽകുകയും ചെയ്തു. എണ്ണ, വാതക ആഗോള വിപണികളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും, അബൂദബിയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷ നിലനിർത്തുന്നു. എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥ അതിന്റെ ഏറ്റവും ഉയർന്ന ത്രൈമാസ മൂല്യമായ 290.5 ബില്യൺ ദിർഹത്തിലെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
എണ്ണവില ഇടിഞ്ഞിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഒരു ശതമാനത്തിന്റെ വളർച്ചയും കൈവരിക്കാനും അബൂദബിക്ക് സാധിച്ചു. അബൂദബി തുടർന്നുവരുന്ന തന്ത്രപ്രധാനമായ പ്രോഗ്രാമുകളുടെ പിൻബലത്തിലും സ്വകാര്യ മേഖലയിലെ സജീവമായ വളർച്ചയുമാണ് സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടിയത്. എണ്ണയിതര മേഖലകളെ നയിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ മൂല്യം 26.3 ശതകോടിയാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്തം ജി.ഡി.പിയുടെ ഒമ്പതു ശതമാനവും എണ്ണയിതര മേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 17 ശതമാനവും സംഭാവന നൽകിയത് നിർമാണ മേഖലയാണ്.