ഡെലിവറി ഏജന്റിന്റെ മോശം പെരുമാറ്റം: പരാതിപ്പെട്ട ഉപയോക്താവിനോട് മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്

ഡെലിവറി ഏജന്റിന്റെ മോശം പെരുമാറ്റം: പരാതിപ്പെട്ട ഉപയോക്താവിനോട് മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്

December 23, 2023 0 By BizNews

ഡെലിവറി ഏജൻറിന്റെ മോശം സ്വഭാവത്തെ കുറിച്ച് പരാതിപ്പെട്ട കസ്റ്റമറോട് മാപ്പ് പറഞ്ഞ് ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റും പിതാവും തമ്മിലുണ്ടായ തർക്കം മൂലം ഇനിയൊരിക്കലും അവരിൽ നിന്ന് സാധനം വാങ്ങില്ലെന്ന് ഡീറ്റി തീരുമാനിക്കുകയും ചെയ്തു. ഡെലവറി സമയത്ത് മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ്​വേഡ്(ഒ.ടി.പി)ശരിയായി പറഞ്ഞുകൊടുക്കാൻ ഇവരുടെ പിതാവിന് സാധിച്ചില്ല. സമയം വൈകുന്നതനുസരിച്ച് ഡെലിവറി ഏജന്റ് പ്രകോപിതനായി. ദേഷ്യം വന്ന ഇയാൾ എന്താണ് ചേയ്യണ്ടത് എന്നറിയി​ല്ലെങ്കിൽ പിന്നെ എന്തിനാണ് സാധനങ്ങൾ ഓർഡർ ചെയ്യുന്നത് എന്നു പറഞ്ഞ് പ്രായമായ മനുഷ്യനെ പിടിച്ചുതള്ളുകയായിരുന്നു.

ഇക്കാര്യം ഡീറ്റി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. ”ഫ്ലിപ്കാർട്ട് വഴി പിതാവ് എന്തോ ഓർഡർ ചെയ്തു. എന്നാൽ ഡെലിവറി സമയത്ത് ഒ.ടി.പി പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തുടർന്ന് ദേഷ്യംവന്ന ഡെലിവറി ബോയി ഒന്നുമറിയില്ലെങ്കിൽ പിന്നെ സാധനങ്ങൾ ഓർഡർ ചെയ്യണോ എന്ന് രോഷം കൊണ്ടു. ഇവരിൽ നിന്ന് ഇനിയൊരിക്കലും ഒന്നും ഓർഡർ ചെയ്യില്ല. ഉപയോക്താക്കളോട് സംസാരിക്കേണ്ടത് ഈ രീതിയിലല്ല.”-എന്നാണ് അവർ എക്സിൽ എഴുതിയത്.

നിമിഷ നേരം കൊണ്ട് ഡീറ്റിയുടെ പോസ്റ്റ് വൈറലായി. നിരവധി പേർ സമാന അനുഭവങ്ങൾ പോസ്റ്റിനു താഴെ പങ്കുവെച്ചു. അതിനു പിന്നാലെയാണ് മാപ്പുപറഞ്ഞ് ഫ്ലിപ്കാർട്ട് രംഗത്തുവരുന്നത്.

”ഇത്തരം സംഭവം ഞങ്ങൾ ഗൗരവമായി കാണുന്നു. എക്സിക്യൂട്ടീവിന്റെ മോശം പെരുമാറ്റത്തിൽ ഞങ്ങൾ മാപ്പ് ചോദിക്കുകയാണ്. ഡയറക്ട് മെസേജ് ആയി നിങ്ങളുടെ ഓർഡർ വിവരങ്ങൾ പങ്കുവെച്ചാൽ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കാൻ കഴിയും. ”-എന്നായിരുന്നു ഫ്ലിപ്കാർട്ടിന്റെ മറുപടി. ഫ്ലിപ്കാർട്ടിന്റെ മോശം കസ്റ്റമർ സർവീസിൽ നിരവധി പേർ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഉപയോക്താക്കളോട് പ്രത്യേകിച്ച് പ്രായമായവരോട് ഡെലിവറി ഏജൻറുമാർക്ക് ഒട്ടും ബഹുമാനമില്ലെന്നും ചിലർ പ്രതികരിച്ചു.