19 കോടി മൂല്യമുള്ള കമ്പനിയുടെ സി.എഫ്.ഒ രാജിക്കത്ത് നൽകിയത് നോട്ട്ബുക്കിൽ നിന്നും കീറിയ പേജിൽ; സോഷ്യൽ മീഡിയയിൽ വൈറൽ
December 22, 2023മുംബൈ: 19 കോടി വിപണിമൂല്യമുള്ള കമ്പനിയുടെ സി.എഫ്.ഒയുടെ രാജിക്കത്ത് വൈറൽ. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ സി.എഫ്.ഒയായ റിങ്കുപട്ടേലിന്റെ രാജിക്കത്താണ് വൈറലായത്. ഇന്റർനെറ്റിന്റെയും ഇമെയിലിന്റേയും കാലത്ത് കൈപ്പടയിലെഴുതിയ രാജിക്കത്താണ് റിങ്കു സമർപ്പിച്ചത്.
എ4 പേപ്പറിൽ രാജിക്കത്ത് സമർപ്പിക്കുന്നതിന് പകരം നോട്ട്ബുക്കിൽ നിന്നും കീറിയെടുത്ത പേജിലാണ് റിങ്കുവിന്റെ രാജി. നവംബർ 15നാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റിങ്കു രാജിവെച്ചത്. തുടർന്ന് കത്തിന്റെ ഒരു കോപ്പി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും അയച്ചു. ഡിസംബർ 21ന് ബി.എസ്.ഇ രാജിക്കത്ത് പ്രസിദ്ധീകരിച്ചതോടെയാണ് ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
സേതുരാമൻ എൻ.ആർ എന്നയാളാണ് കത്ത് എക്സിലൂടെ പങ്കുവെച്ചത്. പോസ്റ്റിന് താഴെ രസകരമായ പ്രതികരണങ്ങളാണ് നിറഞ്ഞത്. മനോഹരമായ കൈയ്യക്ഷരമെന്നായിരുന്നു കത്തിന് വന്ന പ്രതികരണങ്ങളിലൊന്ന്. ബി.എസ്.ഇയിൽ 19 കോടി വിപണിമൂല്യമുള്ള കമ്പനിയാണ് റിങ്കു ജോലി ചെയ്യുന്ന മിതാഷി ഇന്ത്യ. ഡെറ പെയിന്റ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് എന്ന പേരിൽ 1976ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്.