2023ൽ ടെക് മേഖലയിൽ മാത്രം പണി പോയത് 2,60,509 പേർക്ക്; 2024ലും ആശങ്കയൊഴിയില്ലെന്ന് പ്രവചനം

2023ൽ ടെക് മേഖലയിൽ മാത്രം പണി പോയത് 2,60,509 പേർക്ക്; 2024ലും ആശങ്കയൊഴിയില്ലെന്ന് പ്രവചനം

December 22, 2023 0 By BizNews

ആഗോള സാമ്പത്തികരംഗത്ത് അനിശ്ചിതാവസ്ഥ നിലനിന്ന 2023ൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത് ലക്ഷക്കണക്കിന് ജീവനക്കാരെ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടെക് കമ്പനികളിലെ പിരിച്ചുവിടൽ 58 ശതമാനം വർധിച്ചു. 2023ൽ 1,175 കമ്പനികൾ പിരിച്ചുവിട്ടത് 2,60,509 പേരെ. 2022ൽ 1064 ടെക് കമ്പനികൾ ചേർന്ന് 1,64,969 പേരെ പിരിച്ചു വിട്ടസ്ഥാനത്താണിത്. 57.8 ശതമാനം വർധനയാണ് ടെക് കമ്പനികളിലെ പിരിച്ചുവിടലിൽ ഉണ്ടായത്.

17,000 പേരെ പിരിച്ചുവിട്ട ആമസോണാണ് പട്ടികയിൽ മുൻപന്തിയിൽ. 12,000 പേരെ പിരിച്ചുവിട്ട് ഗൂഗ്ൾ രണ്ടാം സ്ഥാനത്തുണ്ട്. മെറ്റ, മൈക്രോസോഫ്റ്റ് കമ്പനികൾ 10,000 പേരെ വീതമാണ് പിരിച്ചുവിട്ടത്.ഇന്ത്യയിൽ ബൈജൂസാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്. 3,500 പേരെയാണ് സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ബൈജൂസ് പിരിച്ചുവിട്ടത്.

ആകെ ജീവനക്കാരിൽ 12 ശതമാനത്തെ ഒഴിവാക്കി അൺഅക്കാദമി പട്ടികയിൽ രണ്ടാമതെത്തി. ഷെയർചാറ്റ്(500), സ്വിഗ്ഗി(380), ഒല(200), ഫിസിക്സ്‍വാല(120) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ടെക് കമ്പനികളിലെ പിരിച്ചുവിടൽ. 2026 വരെ ഇത്തരത്തിൽ കമ്പനികൾ ജീവനക്കാരെ ഒഴിവാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡിന്റെ പുതിയ വകഭേദം കമ്പനികളുടെ അടുത്ത വർഷത്തെ റിക്രൂട്ട്മെന്റിനേയും സ്വാധീനിച്ചേക്കാം.