ആദ്യ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ഫോണുമായി ഗാലക്സി എ7 വിപണിയില്‍

ആദ്യ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ഫോണുമായി ഗാലക്സി എ7 വിപണിയില്‍

September 26, 2018 0 By

ആറ് ഇഞ്ച് ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ട്രിപ്പിള്‍ ക്യാമറയുമായി സാംസങ് ഗാലക്സി എ 7 പുറത്തിറക്കി. 23990 രൂപയാണ് ഇതിന്റെ നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില. ഫ്ലിപ്കാര്‍ട്ടിലും സാംസങിന്റെ സ്വന്തം സ്റ്റോറുകളിലുമാവും ഫോണിന്റെ വില്‍പന. സെപ്റ്റംബര്‍ 27 നും 28 നും ഫോണിന്റെ ആദ്യ വില്‍പനകള്‍ നടക്കും.ഗാലക്സി എ7 ന്റെ ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 28,990 രൂപയാണ് വില. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 2000 രൂപ വിലക്കിഴിവുണ്ടാവും.

മൂന്ന് ക്യാമറകളുമായി എത്തുന്ന സാംസങിന്റെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് ഗാലക്സി എ 7. സാംസങിന്റെ ഇന്റലിജന്റ് സീന്‍ ഒപ്റ്റിമൈസര്‍ ഫീച്ചര്‍ ഫോണിലുണ്ടാവും. നോട്ട് 9 ഫോണിലാണ് ഈ ഫീച്ചര്‍ സാംസങ് ആദ്യമായി അവതരിപ്പിച്ചത്.

24 മെഗാപിക്സല്‍, എട്ട് മെഗാപിക്സല്‍ 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും അഞ്ച് മെഗാപിക്സല്‍ സെന്‍സറുമാണ് ഫോണിന്റെ ട്രിപ്പിള്‍ ലെന്‍സ് ക്യാമറയിലുള്ളത്. വൈഡ് ആംഗിള്‍ മോഡില്‍ വീഡിയോ ദൃശ്യങ്ങള്‍ എടുക്കാന്‍ ഇതിലൂടെ സാധിക്കും. ലൈവ് ഫോക്കസ് ഫീച്ചറും സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ റെക്കോഡിങ് സൗകര്യവും ഇതിലുണ്ട്.

ഗാലക്സി എ7 ന്റെ സെല്‍ഫി ക്യാമറ 24 മെഗാപിക്സലിന്റേതാണ്. ബോക്കേ ഇഫക്റ്റും സെല്‍ഫി ഫോക്കസ് സൗകര്യവും ഇതിലുണ്ട്. പ്രോ ലൈറ്റിങ് മോഡും അതുപോലെ എആര്‍ ഇമോജി ഫീച്ചറും ഇതിനൊപ്പമുണ്ട്.

ആറ് ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേയാണ് ഫോണിന്. 2.2 GHz ഒക്ടാകോര്‍ എക്സിനോസ് 7885 പ്രൊസസര്‍ ആണിതിന്. 512 ജിബി മൈക്രോ എസ്ഡി കാര്‍ഡ് വരെ ഇതില്‍ ഉപയോഗിക്കാം. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ പിന്‍ഭാഗത്ത് നല്‍കുന്നതിന് പകരം ഒരു വശത്തായി നല്‍കിയിരിക്കുന്നു. 3300 mAh ബാറ്ററിയാണിതിന്.