ഓഹരി വിപണിയിലെ ചാഞ്ചാട്ടം: നിക്ഷേപകരെ സംരക്ഷിക്കാൻ എന്തുചെയ്യുമെന്ന് ‘സെബി’യോട് സുപ്രീംകോടതി
November 24, 2023ന്യൂഡൽഹി: ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽനിന്ന് നിക്ഷേപകരെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യോട് സുപ്രീംകോടതി. അദാനി-ഹിൻഡബർഗ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കോടതിയിലെത്തിയ ഒരുകൂട്ടം ഹരജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് സെബിയോട് ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചത്.
ഓഹരി വിപണിയിലെ വൻ ചാഞ്ചാട്ടമാണ് പരാതികളിൽ ഇടപെടാൻ കോടതിയെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടാക്കുന്ന തരത്തിൽ വിപണിയിലെ ചാഞ്ചാട്ടം തടയാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് സെബിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബെഞ്ച് നിർദേശിച്ചു.
വിഷയത്തിൽ സെബി ഇതുവരെ സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഹരജികൾ വിധിപറയുന്നതിന് മാറ്റി.