മാരുതിയുടെ പുതിയ എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയിലേക്ക്

മാരുതിയുടെ പുതിയ എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയിലേക്ക്

September 26, 2018 0 By

ഇന്‍ഡൊനീഷ്യയില്‍ നടന്ന ഓട്ടോ ഷോയിലായിരുന്നു പുതിയ എര്‍ട്ടിഗയെ സുസുക്കി പുറത്തിറക്കിയത്. അത് ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായിട്ടായിരുന്നു. അടിമുടി മാറിയ എര്‍ട്ടിഗയാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത്. മാരുതിയുടെ പ്രീമിയം വില്‍പ്പന ശൃംഖലയായ നെക്സ വഴിയായിരിക്കുമെന്നാണ് വിവരം. പുതിയ എര്‍ട്ടിഗയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങല്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ദീപാവലിയോടടുത്ത് പുതിയ എര്‍ട്ടിഗ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

എര്‍ട്ടിഗയ്ക്ക് വലിപ്പം കൂടിയിരിക്കുന്നതാണ് പ്രധാന വിശേഷം. നിലവിലുള്ള മോഡലിനെക്കാള്‍ 110 മില്ലിമീറ്റര്‍ നീളവും 50 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നു. ഹെക്സഗണല്‍ രൂപത്തിലുള്ള ഗ്രില്ലില്‍ ക്രോം തിളക്കം. ഹെഡ് ലൈറ്റുകള്‍ പ്രൊജക്ടര്‍ ഹെഡ് ലാംപുകളായി. ഫോഗ് ലാംപുകളിലും മുന്‍ ബമ്പറിലും മാറ്റങ്ങളുണ്ട്. ടെയ്ല്‍ ലാംപാണ് പിന്നിലെ ആകര്‍ഷണം. എല്‍ ആകൃതിയാണിതിന്.

60:40 എന്നിങ്ങനെ വിഭജിക്കാവുന്നതാണ് മധ്യനിര സീറ്റുകള്‍. മൂന്നാംനിര സീറ്റുകള്‍ 50:50 എന്നിങ്ങനെ മടക്കാം. സിയാസില്‍ കണ്ട 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ എര്‍ട്ടിഗയിലേക്കും വരും. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ ഇവയും പ്രതീക്ഷിക്കാം.

നിലവിലുള്ള 1.4 ലിറ്റര്‍ എന്‍ജിന്‍ മാറ്റി സിയാസിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എര്‍ട്ടിഗയ്ക്കും മാരുതി സുസുക്കി നല്‍കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 102 ബി. എച്ച്.പി. കരുത്തും 138 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡാകും മാനുവല്‍ ഗിയര്‍ബോക്സ്. ഒപ്പം അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പും പുതിയ എര്‍ട്ടിഗയില്‍ തലയുയര്‍ത്തും. മാരുതിയുടെ പുതിയ 1.5 ഡീസല്‍ എന്‍ജിനായിരിക്കും മറ്റൊന്ന്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ഇതിന്.