കേരളത്തിലെ 93 ശതമാനം ഗ്രാമങ്ങളും നഗരസ്വഭാവം കൈവരിച്ചു

കേരളത്തിലെ 93 ശതമാനം ഗ്രാമങ്ങളും നഗരസ്വഭാവം കൈവരിച്ചു

November 11, 2023 0 By BizNews

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളിൽ 93 ശതമാനവും നഗരസ്വഭാവം കൈവരിച്ചതോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നയങ്ങളിലും പ്രാദേശികസർക്കാരുകളോടുള്ള സമീപനത്തിലും മാറ്റംവരും. നടപ്പാക്കുന്ന പദ്ധതികളിലും മാറ്റമുണ്ടാകും.

നഗരനയം രൂപപ്പെടുത്താൻ ദേശീയ, അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുടെ സമിതിയായി. നഗരവത്കരണത്തിന്റെ വെല്ലുവളിനേരിടാൻ ‘നഗരനയം’ എത്രയും വേഗം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ.

ആകെയുള്ള 1200 തദ്ദേശസ്ഥാപനങ്ങളിൽ 941-ഉം ഗ്രാമപ്പഞ്ചായത്തുകളാണ്. അതുകൊണ്ടുതന്നെ കൂടുതൽ പദ്ധതികളും ഗ്രാമകേന്ദ്രീകൃതമാണ്.

കെട്ടിടനിർമാണം, മാലിന്യസംസ്കരണം, കുടിവെള്ളം, പാർപ്പിടം തുടങ്ങിയവയിലെ വലിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവരും.

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും കമ്യൂണിറ്റി ലിവിങ് കെട്ടിടനിർമാണത്തിന് പരിശോധിക്കാൻ ചർച്ചയുണ്ടായെങ്കിലും ഇവിടെയത് പ്രായോഗികമല്ലെന്ന്‌ ആർക്കിടെക്ടുകളുടെ സംഘടന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾക്ക് നഗരനയം വേണമെന്ന് 2018-ൽത്തന്നെ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. സംസ്ഥാനം കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

ഒറ്റപ്പെട്ട കെട്ടിടങ്ങൾ നിർമിച്ച് താമസിക്കുന്നതിനു പകരം കുറെയധികം കുടുംബങ്ങളെ ഒരുസ്ഥലത്തുതന്നെ താമസിപ്പിക്കുന്ന കമ്യൂണിറ്റി ലിവിങ്ങിനുൾപ്പെടെ വെല്ലുവിളിയാകുന്നത് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ്. ഇതിന് ബദൽനിർദേശം നയത്തിലുണ്ടാകും.

കാലാവസ്ഥാ വ്യതിയാനത്തിലെ ആഘാതങ്ങൾ(നഗരങ്ങളിൽ അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളപ്പൊക്കം പോലുള്ളവ) നേരിടുകയും ഭാവിയിൽ നഗരങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്ന മാലിന്യപ്രശ്നം പരിഹരിക്കണം.