പുതിയ സ്‌കോര്‍പിയോ 2020-ല്‍ നിരത്തിലെത്തും.

പുതിയ സ്‌കോര്‍പിയോ 2020-ല്‍ നിരത്തിലെത്തും.

September 25, 2018 0 By

എസ്യുവി ശ്രേണിയില്‍ വിപ്ലവം സൃഷ്ടിച്ചാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ വിപണിയില്‍ എത്തിയത്. ടാറ്റ സുമോയുടെ ഏകാധിപത്യം നിലനിന്നിരുന്ന കാലത്ത് എത്തിയ സ്‌കോര്‍പിയോ ചുടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. പക്ഷെ, എസ്യുവി ശ്രേണിയില്‍ മത്സരം കടുത്തതോടെ സ്‌കോര്‍പിയോ തഴയപ്പെട്ടു തുടങ്ങി.

എന്നാല്‍, കൂടുതല്‍ കരുത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കാനൊരുങ്ങുകയാണ് വീണ്ടും സ്‌കോര്‍പിയോ. പുതിയ രൂപത്തിലും ഭാവത്തിലും മഹീന്ദ്ര പുറത്തിറക്കുന്ന പുത്തന്‍ സ്‌കോര്‍പിയോ 2020-ല്‍ നിരത്തിലെത്തും. ജീപ്പിന്റെ കോംപസും ടാറ്റ ഹാരിയറുമായിരിക്കും സ്‌കോര്‍പിയോയുടെ എതിരാളികള്‍.

2002-ല്‍ നിരത്തിലെത്തിയതിന് ശേഷം സ്‌കോര്‍പിയോ നിരവധി തവണ മുഖം മിനുക്കിയിരുന്നു. എന്നാല്‍, ഇത്തവണ വാഹനം ഡിസൈന്‍ ചെയ്യുന്നത് ഇറ്റാലിയന്‍ ഡിസൈന്‍ വിഭാഗമായ പിനിന്‍ഫരീന എന്ന കമ്പനിയാണ്. തികച്ചും വ്യത്യസ്തമായ ഡിസൈനായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷ.

മോണോകോക്ക് പ്ലാറ്റ്ഫോമിലായിരിക്കും പുതിയ സ്‌കോര്‍പിയോ നിര്‍മിക്കുക. ഇതില്‍ കൂടുതല്‍ ഉറപ്പുള്ള ബോഡിയും വിശാലമായ ഉള്‍വശവും ലഭിക്കുമെന്നാണ് സൂചന. ബിഎസ് ആറ് നിലവാരത്തിലെത്തുന്ന സ്‌കോര്‍പിയോ ഇലക്ട്രിക് എന്‍ജിനിലും പുറത്തിറക്കുമെന്നാണ് സൂചന.

മഹീന്ദ്രയുടെ വാഹനങ്ങള്‍ നിരത്തില്‍ കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായി അടുത്തിടെ എംപിവി ശ്രേണിയില്‍ മരാസോ എത്തിച്ചിരുന്നു. മഹീന്ദ്രയുടെ എക്സ്യുവി 700, എക്സ്യുവി 300 എന്നീ വാഹനങ്ങള്‍ ഉടനെത്തുമെന്നാണ് വിവരം.