സ്വർണ വില മൂന്നാം ദിവസവും താഴോട്ട്; ഇന്ന് കുറഞ്ഞത് 240 രൂപ
November 1, 2023കൊച്ചി: കഴിഞ്ഞ ദിവസം സർവകാല റെക്കോഡിലേക്ക് കുതിച്ചുകയറിയ സ്വർണവില താഴോട്ടുപതിക്കുന്നു. തുടർച്ചയായി മൂന്നാംദിവസമായ ഇന്നും വില കുറഞ്ഞു. പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയുമാണ് ആയത്.
ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞു. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് ഇടിഞ്ഞത്.
ഒക്ടോബർ 28ന് (ശനിയാഴ്ച) ആണ് കേരളത്തിൽ റെക്കോഡ് വിലയിൽ സ്വർണം എത്തിയത്. ഒരു ഗ്രാമിന് 5740 രൂപയും ഒരു പവന് 45,920 രൂപയുമാണ് അന്നത്തെ വില .
ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് അന്ന് ഒറ്റയടിക്ക് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളർ എത്തിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം ശക്തമാക്കിയതിെന തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ ആശങ്കയാണ് വില കുതിച്ചുയരാൻ ഇടയാക്കിയത്.