ക്യാരിബാഗിന് 20 രൂപ വാങ്ങി; ഐക്കിയക്ക് 3000 രൂപ പിഴയിട്ടു

ക്യാരിബാഗിന് 20 രൂപ വാങ്ങി; ഐക്കിയക്ക് 3000 രൂപ പിഴയിട്ടു

October 24, 2023 0 By BizNews

ബംഗളൂരു: ക്യാരിബാഗിന് 20 രൂപ ചാർജ് ചെയ്തതിന് സ്വീഡിഷ് ഫർണിച്ചർ റീടെയ്‍ലറായ ഐക്കിയക്ക് 3000 രൂപ പിഴയിട്ടു. ബംഗളൂരു കോടതിയുടെതാണ് ഉത്തരവ്. ലോഗോ പ്രിന്റ് ചെയ്ത ക്യാരിബാഗിനാണ് ഐക്കിയ പണം വാങ്ങിയത്. സംഗീത ബോഹ്റയെന്നയാൾ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നടപടി.

ഐക്കിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിലാണ് ഇവർ സാധനങ്ങൾ വാങ്ങാനായി എത്തിയത്. 2022 ഒക്ടോബർ ആറിനായിരുന്നു ഷോറും സന്ദർശനം. തുടർന്ന് ചില സാധനങ്ങൾ വാങ്ങി ഒരു ക്യാരി ബാഗ് ചോദിച്ചു. ഷോറും അധികൃതർ ക്യാരി ബാഗ് നൽകിയെങ്കിലും അതിന് 20 രൂപ ചാർജ് ചെയ്യുകയായിരുന്നു.

കമ്പനി ലോഗോയുള്ള ക്യാരിബാഗിന് പണം വാങ്ങുന്നതിനെതിരെ ജീവനക്കാരോട് പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ലെന്ന് ബോഹ്റ വിശദീകരിച്ചു. ക്യാരിബാഗിന് ചാർജ് വാങ്ങുന്നത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് ഐക്കിയയെ അറിയിച്ചു. സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ക്യാരിബാഗിന് പണം വാങ്ങുന്ന വിവരം അറിയിച്ചില്ലെന്നും ബോഹ്റ പറഞ്ഞു. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഉപഭോക്തൃ കമീഷന് പരാതി നൽകുകയായിരുന്നു.

ഒടുവിൽ ബോഹ്റയുടെ വാദങ്ങളെല്ലാം ഉപഭോക്തൃ കമീഷൻ അംഗീകരിക്കുകയായിരുന്നു. ക്യാരിബാഗിന് ചാർജ് വാങ്ങിയത് ശരിയായ വ്യാപാര സമ്പ്രദായമല്ലെന്ന് ഉപഭോക്തൃ കമീഷൻ വിധിച്ചു. വൻകിട മാളുകളും ഷോറുമുകളും ഇത്തരത്തിൽ മോശം സർവീസാണ് നൽകുന്നതെന്നത് ഞെട്ടിക്കുന്നതാണെന്നും ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ നിരീക്ഷിച്ചു.

അതേസമയം, ലോഗോയുള്ള ക്യാരിബാഗിന് പണം വാങ്ങിയതിൽ തെറ്റില്ലെന്നാണ് ഐക്കിയ നിലപാട്. ഹിഡൻ ചാർജുകളൊന്നും തങ്ങൾ ചുമത്തിയിട്ടില്ലെന്നും ഉപഭോക്താക്കളിൽ നിന്നും വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നുമാണ് കമ്പനിയുടെ നിലപാട്. എന്നാൽ ഐക്കിയയുടെ വാദം അംഗീകരിക്കാൻ ഉപഭോക്തൃ കമീഷൻ തയാറായില്ല.