ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ആശങ്ക; എണ്ണവില കുതിച്ചുയരുന്നു

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ആശങ്ക; എണ്ണവില കുതിച്ചുയരുന്നു

October 14, 2023 0 By BizNews

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിനിടെ എണ്ണവില കുതിച്ചുയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡി​ന്റെ വില 5.7 ശതമാനം ഉയർന്ന് 90.89 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.9 ശതമാനം ഉയർന്ന് 87.69ലും വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിലിന് ശേഷം ഒരു ദിവസം എണ്ണവില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. വടക്കൻ ഗസ്സയിൽ നിന്നും 11 ലക്ഷം ആളുകളോട് മാറിതാമസിക്കാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു. ഇത് സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക പടർന്നിട്ടുണ്ട്. ഇതാണ് എണ്ണവിലയേയും സ്വാധീനിക്കുന്നത്.

അതേസമയം, മിഡിൽ ഈസ്റ്റിലേക്ക് സംഘർഷം വ്യാപിക്കുമെന്ന ആശങ്ക എണ്ണവിപണിക്കുണ്ടെന്നെ് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ഫലസ്തീൻ യുദ്ധം എണ്ണവിപണിയിൽ ഉടൻ സ്വാധീനം ചെലുത്തില്ലെന്നാണ് ​ജെ.പി മോർഗൻ നിലപാട്. നിലവിലെ വിലയിൽ നിന്നും വൻ വധന വർഷാവസാനം വരെ പ്രതീക്ഷിക്കേണ്ടെന്നാണ് ജെ.പി മോർഗൻ അറിയിച്ചിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് ഇറാൻ എണ്ണക്ക് യു.എസ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയാൽ അത് സ്ഥിതി ഗുരുതരമാകുന്നതിന് ഇടയാക്കുമെന്നും ഏജൻസിയുടെ മുന്നറിയിപ്പുണ്ട്.