ശനിയാഴ്ച പവന് കൂടിയത് 1120 രൂപ
October 14, 2023കൊച്ചി: ഇസ്രായേലിനും ഫലസ്തീനുമിടയിൽ ഉടലെടുത്ത യുദ്ധഭീതിയിൽ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതോടെ വില ഗണ്യമായി ഉയരുന്നു. ശനിയാഴ്ച വില ഒറ്റയടിക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും വർധിച്ചു. പവന് ഇന്നലെ വില 44,320 രൂപയാണ്. ഒറ്റയടിക്ക് ഇത്രയും വലിയ വർധന ആദ്യമാണ്. യുദ്ധഭീതി സൃഷ്ടിച്ച ആശങ്കയിൽ നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായി സ്വർണത്തെ കാണുന്നതാണ് വില ഉയരാൻ കാരണമായി പറയുന്നത്.
രണ്ടാഴ്ചക്കിടെ സ്വർണവില ഗ്രാമിന് 280 രൂപവരെ കുറഞ്ഞിരുന്നു. എന്നാൽ, ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഒരാഴ്ചക്കിടെ ഗ്രാമിന് 300 രൂപ വർധിച്ചു. സെപ്റ്റംബർ 20ന് ഗ്രാമിന് 5520 രൂപയായിരുന്ന വില പടിപടിയായി കുറഞ്ഞ് ഒക്ടോബർ അഞ്ചിന് 5240 രൂപയിൽ എത്തിയിരുന്നു.
ഒക്ടോബർ ഏഴിന് ഇസ്രായേൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചതോടെ വില കുതിച്ചുയരുകയായിരുന്നു. മാർച്ച് 18ന് ഒരു ദിവസംതന്നെ രണ്ട് തവണയായി ഗ്രാമിന് 150 രൂപയുടെയും പവന് 1200 രൂപയുടെയും വർധന ഉണ്ടായിട്ടുണ്ട്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിലവർധന തുടരുമെന്നാണ് സൂചന.അന്താരാഷ്ട്ര സ്വർണവിലയിലെ റെക്കോഡ് 2020 ആഗസ്റ്റിൽ രേഖപ്പെടുത്തിയ 2074.88 ഡോളറാണ്.
കേരള വിപണിയിൽ 2023 മേയ് അഞ്ചിന് ഗ്രാമിന് 5720 രൂപയും പവന് 45,760 രൂപയുമായിരുന്നു റെക്കോഡ് വില. രാജ്യങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സ്വർണവില ഉയരുന്നതാണ് മുൻ കാലങ്ങളിലെയും പ്രവണത.