അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ അന്വേഷണം
October 14, 2023ന്യൂഡൽഹി: മുംബൈയിലെ രണ്ട് എയർപോർട്ടുകളുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ്. കോർപ്പറേറ്റ് അഫയേഴ്സ് മിനിസ്ട്രിയാണ് അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് പിന്നിൽ. സ്റ്റോക്ക് എക്സ്ചേഞ്ചുകളെയാണ് അന്വേഷണം സംബന്ധിച്ച വിവരം അദാനി ഗ്രൂപ്പ് അറിയിച്ചത്.
2017-2018, 2021-2022 സാമ്പത്തിക വർഷത്തിലെ മുംബൈ എയർപോർട്ടിന്റെയും നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെയും കണക്കുകളാണ് കോർപ്പറേറ്റ് അഫയേഴ്സ് മിനിസ്‍ട്രി ആവശ്യപ്പെട്ടതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 2021ലാണ് മുംബൈ എയർപോർട്ടിൽ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
ജി.വി.കെ ഗ്രൂപ്പിന്റെ 50.5 ശതമാനം ഓഹരിയും എ.സി.എസ്.എ ഗ്ലോബൽ ലിമിറ്റഡിന്റെ 23.5 ശതമാനം ഓഹരികളും വാങ്ങിയാണ് മുംബൈ എയർപോർട്ടിന്റെ നിയന്ത്രണം അദാനി സ്വന്തമാക്കിയത്. നവി മുംബൈ എയർപോർട്ട് നിർമാണത്തിനുള്ള കരാറും അദാനി സ്വന്തമാക്കിയിരുന്നു. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ അദാനിക്ക് വീണ്ടും തിരിച്ചടിയുണ്ടാക്കുന്നതാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം.