സൗദിയിൽ ദേശീയ വ്യവസായിക സംരംഭം ശരിയായി നടപ്പാക്കപ്പെടുന്നു -വ്യവസായ മന്ത്രി
October 2, 2023ജിദ്ദ: ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി സൗദിയിൽ പ്രവർത്തനം ആരംഭിച്ചത് ദേശീയ വ്യവസായിക സംരംഭം ശരിയായി നടപ്പാക്കപ്പെടുന്നതിന്റെ തെളിവാണെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് പറഞ്ഞു. റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സ്വകാര്യമേഖലയുടെ നേതൃത്വത്തിൽ വഴക്കമുള്ളതും മത്സരപരവും സുസ്ഥിരവുമായ വ്യവസായിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഓട്ടോമൊബൈൽ വ്യവസായ മേഖല ഉൾപ്പെടെ രാജ്യത്തെ വ്യവസായിക വളർച്ചയെ നയിക്കാൻ ദേശീയ വ്യവസായിക സംരംഭം 12 തന്ത്രപ്രധാന വ്യവസായിക മേഖലകളെ നിർണയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ ദൗത്യം ഒരു കാർ നിർമാണ കേന്ദ്രം നിർമിക്കുക മാത്രമല്ല, സാങ്കേതിക വിദ്യയിലൂടെയും നവീകരണത്തിലൂടെയും ഭാവിയിൽ രാജ്യത്തെ ശേഷി ലോകോത്തരമാക്കി ഉയർത്തുക, ഇലക്ട്രിക് കാറുകളുടെയും ഇലക്ട്രിക് ബാറ്ററികൾ ഉൾപ്പെടെയുള്ള അനുബന്ധ ഉൽപന്നങ്ങളുടെയും നിർമാണമേഖലയിൽ രാജ്യം ഒരു ആഗോള ശക്തിയാകാൻ ശ്രമിക്കുക എന്നിവയാണ്. ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിയുടെ സമാരംഭം ശുദ്ധമായ ഊർജത്തിലും ഹരിത സമ്പദ് വ്യവസ്ഥയിലും നിക്ഷേപിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും തെളിവാണ്.
വിവിധ മേഖലകളിലെ നിക്ഷേപത്തിനുള്ള ഊർജസ്വലമായ ആവാസവ്യവസ്ഥക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. പശ്ചിമേഷ്യയിലെ ആസ്ഥാനമായി ലൂസിഡ് രാജ്യം തെരഞ്ഞെടുത്തത് രാജ്യത്തിന്റെ സവിശേഷവും തന്ത്രപരവുമായ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ഇത് ലൂസിഡിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യും. ഉൽപാദനത്തിന്റെ 85 ശതമാനം ആഗോള കയറ്റുമതി വിപണിയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.