സ്വർണാഭരണങ്ങളിലെ യു.എ.ഐ.ഡി കോഡ്;നിവേദനം മൂന്നുമാസത്തിനകം തീർപ്പാക്കണം -ഹൈകോടതി
September 28, 2023 0 By BizNewsകൊച്ചി: സ്വർണാഭരണങ്ങളിൽ തിരിച്ചറിയൽ കോഡ് സഹിതമുള്ള ഹാൾ മാർക്കിങ് (യൂനിക് ആൽഫ ന്യൂമറിക് ഐ.ഡി കോഡ് -യു.എ.ഐ.ഡി കോഡ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനം മൂന്നുമാസത്തിനകം തീർപ്പാക്കണമെന്ന് ഹൈകോടതി.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷനടക്കം നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കേന്ദ്രസർക്കാറിന് നിർദേശം നൽകിയത്. യു.എ.ഐ.ഡി കോഡ് നടപ്പാക്കുന്നതിനെതിരെ സ്വർണവിപണന മേഖലയിലെ ഡീലേഴ്സ് അസോസിയേഷനും മർച്ചന്റ്സ് അസോസിയേഷനുമടക്കം നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
ഹരജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കാതിരുന്ന കോടതി ഇക്കാര്യത്തിൽ കേന്ദ്ര ഉപഭോക്തൃ വകുപ്പ് തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു. പുതിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്നത് കോടതിക്ക് വിഷയത്തിൽ ഇടപെടാനുള്ള കാരണമെല്ലന്നും കോടതി അഭിപ്രായപ്പെട്ടു.