കുത്തനെയിടിഞ്ഞ് സ്വർണവില; തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു
September 28, 2023കൊച്ചി: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസം സ്വർണവില കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,120 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 43,600 രൂപയായിരുന്നു സ്വർണത്തിന്റെ വില. ബുധനാഴ്ച 200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ചൊവ്വാഴ്ച 160 രൂപയും കുറഞ്ഞിരുന്നു. 5390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
എം.സി.എക്സ് എക്സേഞ്ചിൽ സ്വർണത്തിന്റെ ഭാവിവിലകളും ഇടിഞ്ഞു. 93 രൂപ കുറഞ്ഞ് 57,190 രൂപക്കാണ് 10 ഗ്രാം സ്വർണത്തിന്റെ വ്യാപരം എം.സി.എക്സ് എക്സ്ചേഞ്ചിൽ പുരോഗമിക്കുന്നത്. യു.എസ് വായ്പ പലിശനിരക്കുകൾ ഉയർത്തുമെന്ന റിപ്പോർട്ടുകളും ഡോളർ കരുത്താർജിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം അന്താരാഷ്ട്ര വിപണിയിൽ പുരോഗമിക്കുന്നത്. യു.എസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയർന്നതും സ്വർണവില കുറയുന്നതിന് കാരണമായിട്ടുണ്ട്. ട്രഷറി ബോണ്ടുകളുടെ വരുമാനം 16 വർഷത്തെ ഉയർന്ന നിലയിലാണ്. ഇതോടെ നിക്ഷേപകർക്ക് സ്വർണത്തിലുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്.