ചെങ്ങന്നൂർ-പമ്പ വന്ദേ മെട്രോ തീവണ്ടി 2030ൽ ഓടിക്കാൻ ശ്രമം

ചെങ്ങന്നൂർ-പമ്പ വന്ദേ മെട്രോ തീവണ്ടി 2030ൽ ഓടിക്കാൻ ശ്രമം

September 25, 2023 0 By BizNews

പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത പൂർത്തിയാക്കി 2030-ഓടെ വന്ദേ മെട്രോ തീവണ്ടികൾ ഓടിക്കാൻ റെയിൽവേയുടെ ശ്രമം. ഷെഡ്യൂൾ നിശ്ചയിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

ഓരോവർഷവും ശബരിമല സീസണിൽ റെയിൽവേയെ ആശ്രയിക്കുന്ന തീർഥാടകരുടെ എണ്ണം എട്ടു ശതമാനം വീതം കൂടിവരുന്നതാണ് നടപടി വേഗത്തിലാക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്.

ശബരിമല സീസണിൽമാത്രം പ്രവർത്തിക്കുന്ന സംവിധാനം പാഴ്ച്ചെലവാണെന്ന വാദത്തെ പൂർണമായും തള്ളിയാണ് റെയിൽവേ മുന്നോട്ടു പോകുന്നത്. 30 വർഷം മുന്നോട്ടുചിന്തിച്ചാൽ പമ്പവരെ എത്തുന്ന വാഹനങ്ങളുടെ എണ്ണംമൂലം ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരിക്കുമെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം.

ശബരിമലയ്ക്കു പോയാൽ ഗതാഗതക്കുരുക്കിൽപ്പെടേണ്ടിവരുമെന്ന പ്രചാരം ഉണ്ടായാൽ അത് തീർഥാടനത്തെ ബാധിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലും ഇക്കാര്യത്തിലുണ്ട്.

ഇപ്പോൾ ലിഡാർ(ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്) സർവേയും മണ്ണു പരിശോധനയും ചെങ്ങന്നൂർ പമ്പ റൂട്ടിൽ നടന്നുവരികയാണ്. നിശ്ചിതറൂട്ടിൽ പല ഭാഗത്തേയും മണ്ണുപരിശോധനകളാണ് നടക്കുന്നത്.

മഹാരാഷ്ട്രയിൽ നിന്നുള്ള ഏജൻസികളാണ് ജോലികൾ നിർവഹിക്കുന്നത്. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) ഡിസംബറോടെ തയ്യാറായേക്കും.

കേന്ദ്ര വനം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളുടേയും കേന്ദ്ര മന്ത്രിസഭയുടേയും അനുമതിയ്ക്കായി രണ്ടുവർഷം എടുക്കുമെന്നാണ് റെയിൽവേ കരുതുന്നത്.

സംസ്ഥാന സർക്കാരാണ് സ്ഥലം ഏറ്റെടുത്തുനൽകേണ്ടത്. ഇത് ഒരുവർഷംകൊണ്ട് പൂർത്തിയാക്കിയാൽ മൂന്നുകൊല്ലം കൊണ്ട് പണി തീർക്കാമെന്നാണ് റെയിൽവേ കരുതുന്നത്.

അതാണ് 2024 തുടക്കത്തിൽ നടപടികൾ തുടങ്ങിയാൽ 2029 -ഓടെ തീർത്ത് 2030-ൽ വണ്ടി ഓടിക്കാമെന്നതിന് അടിസ്ഥാനമായി റെയിൽവേ പറയുന്നത്.