20,000ത്തിൽ തൊട്ട് നിഫ്റ്റി; ആഭ്യന്തര വിപണിയുടെ കുതിപ്പ് വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ

20,000ത്തിൽ തൊട്ട് നിഫ്റ്റി; ആഭ്യന്തര വിപണിയുടെ കുതിപ്പ് വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ

September 11, 2023 0 By BizNews

മുംബൈ: വിദേശ നിക്ഷേപത്തിലുണ്ടായ വർധനവിനു പിന്നാലെ പുതിയ റെക്കോർഡുമായി നിഫ്റ്റി സൂചിക. തിങ്കളാഴ്ച സ്റ്റോക് എക്സ്ചേഞ്ചിൽ നിഫ്റ്റി 50 സൂചിക 20,000 ലെവൽ പിന്നിട്ടു.

സെൻസെക്സ് 67,015.43 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.

ഏപ്രിൽ– ജൂൺ പാദത്തിൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിൽ 7.8 ശതമാനത്തിന്റ വളർച്ചയാണ് റിപ്പേർട്ടു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 6.5 ശതമാനമായിരുന്നു.

റിപ്പോർട്ടിനെ തുടര്‍ന്ന് വിദേശ നിക്ഷേപം വിപണിയിലേക്കൊഴുകിയതും ജി20 യോഗത്തിലെ സുപ്രധാന തീരുമാനങ്ങളും സൂചികകളെ ശക്തിപ്പെടുത്തി.

2023 ജൂലൈ 20ന് നിഫ്റ്റി50ന്റെ 19,991.85 എന്ന റെക്കോർഡാണ് ഇന്നത്തെ വ്യാപാരത്തിൽ മറികടന്നത്. 36 സെഷനുകൾക്കുശേഷമാണ് വിപണിയിൽ നിഫ്റ്റി50 പുതിയ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ജി20 യോഗത്തിനുശേഷം ഇന്ത്യൻ വിപണി സജീവമായത് വിപണിയിലേക്ക് നിക്ഷേപരുടെ ശ്രദ്ധയാകർഷിച്ചു.

വിപണിയിൽ 2,452 രൂപയിൽ വ്യാപാരം ആരംഭിച്ച റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 2476.85 രൂപവരെ മുന്നേറി. എച്ച്‍ഡിഎഫ്‍സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അദാനി പോർട്സ്, ഐടിസി, ടിസിഎസ്, എസ്ബിഐ എന്നീ ഓഹരികളെല്ലാം നേട്ടത്തിൽ വ്യാപാരം നടത്തി.

ടാറ്റ മോട്ടോർസ്, എൻടിപിസി, എച്ച്സിഎൽ ടെക്, വിപ്രോ എന്നീ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കിയപ്പോൾ ഇൻ‌ഫോസിസ്, ടൈറ്റൻ, എം ആൻഡ് എം, ഐഷർ മോട്ടോർസ് എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.

ജി–20 യോഗത്തില്‍ ജൈവഇന്ധനത്തിന് പ്രാമുഖ്യം നൽകിയതോടെ പ്രാജ് ഇൻഡസ്ര്ടീസ് ഓഹരികൾ 15 ശതമാനത്തിലേറെ ഉയർന്നു.

ബിഎസ്ഇ മിഡ്‍കാപ്, സ്മോൾ‌കാപ് സൂചികകൾ 0.8 ശതമാനവും പിഎസ്‍യു ബാങ്ക് സൂചിക 0.9ശതമാനവും മുന്നേറി.