എസ്.എം.എസ് അലർട്ടിന് ചാർജ്: ബാങ്കുകളോട് വിശദീകരണം തേടി ഹൈകോടതി
September 8, 2023കൊച്ചി: ഇടപാടുകാർക്ക് എസ്.എം.എസ് അലർട്ട് നൽകുന്നതിന് ബാങ്കുകൾ ചാർജ് ഈടാക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈകോടതി. പ്രതിമാസം നിശ്ചയിച്ച നിരക്കിലാണോ അതോ യഥാർഥ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണോ ചാർജ് ഈടാക്കുന്നതെന്ന് അറിയിക്കാൻ ഹൈകോടതി ബാങ്കുകൾക്ക് നിർദേശം നൽകി.
ബാങ്കുകൾക്ക് നൽകിയ നിർദേശത്തിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്നും എസ്.എം.എസ് അലർട്ടിന് ബാങ്കുകൾ ഈടാക്കിയ ചാർജിന്‍റെ വിശദാംശങ്ങൾ സമാഹരിക്കണമെന്നും റിസർവ് ബാങ്കിനോട് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
റിസർവ് ബാങ്കിന്‍റെ നിർദേശപ്രകാരം യഥാർഥ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിൽ ചാർജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായ ബാങ്ക് ആൻഡ് ഫിനാൻസ് അക്കൗണ്ട് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷൻ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.