ചൈനയുടെ സേവന മേഖല 8 മാസത്തിലെ താഴ്ന്ന വളര്‍ച്ചയില്‍
September 6, 2023 0 By BizNewsചൈനയുടെ സേവന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വികസിച്ചതെന്ന് വ്യക്തമാക്കുന്ന സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നു. കായ്ക്സിന്‍/എസ്&പി ഗ്ലോബൽ സർവീസ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്റക്സ് (PMI) ജൂലൈയിലെ 54.1 ൽ നിന്ന് ഓഗസ്റ്റിൽ 51.8 ആയി കുറഞ്ഞു,
കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കഴിഞ്ഞ ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വായനയാണിത്. സൂചികയില്‍ 50 പോയിന്റിനു മുകളില്‍ വികാസത്തെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു.
ഉത്തേജനം ഫലം കണ്ട് തുടങ്ങിയില്ല
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയില്‍ ഡിമാൻഡ് സാഹചര്യം ദുര്‍ബലമായി തുടരുന്നുവെന്നും ഉത്തേജക നടപടികള്‍ ഉപഭോഗ അന്തരീക്ഷത്തെ മെച്ചപ്പെടുത്തി തുടങ്ങിയിട്ടില്ലെന്നുമാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സേവന മേഖലയുടെ പിഎംഐ സംബന്ധിച്ച് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക റിപ്പോര്‍ട്ടിനോട് ഒത്തുപോകുന്നതാണ് ഈ സര്‍വെ റിപ്പോര്‍ട്ടും. എങ്കിലും രാജ്യത്തെ പാസഞ്ചർ റെയിൽവേ യാത്രകളുടെ എണ്ണം റെക്കോർഡ് തലത്തിലേക്ക് ഉയര്‍ന്നുവെന്നും വേനൽക്കാലത്ത് മികച്ച ബോക്സ് ഓഫീസ് വരുമാനം രേഖപ്പെടുത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മാനുഫാക്ചറിംഗ് പിഎംഐ സംബന്ധിച്ച ഔദ്യോഗിക കണക്കും കായ്ക്സിന്‍ കണക്കും ജൂലൈ മുതൽ വളര്‍ച്ച സൂചിപ്പിക്കുന്നുണ്ട്. എങ്കിലും മന്ദഗതിയിലുള്ള ഡിമാൻഡ് സാഹചര്യവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തളര്‍ച്ചയും വെല്ലുവിളിയായി തുടരുന്നു.
സേവന മേഖലയെയും മാനുഫാക്ചറിംഗ് മേഖലയെയും കൂട്ടിച്ചേര്‍ത്ത് കണക്കാക്കുന്ന കായ്ക്സിന്‍/എസ്&പി ഗ്ലോബൽ കോമ്പോസിറ്റ് പിഎംഐ, ജൂലൈയിലെ 51.9ൽ നിന്ന് 51.7 ആയി താഴ്ന്നു. ഇത് തുടർച്ചയായ എട്ടാം മാസത്തിലെ വിപുലീകരണത്തെ അടയാളപ്പെടുത്തുന്നു,
എങ്കിലും ജനുവരിക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ വളര്‍ച്ചയാണിത്.
യുഎസിനെ അടുത്തൊന്നും മറികടക്കില്ല
നിലവിലെ തളര്‍ച്ചയുടെ സാഹചര്യത്തില്‍ സമീപ ഭാവിയിലൊന്നും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ യുഎസിനെ മറികടക്കാന്‍ ചെെനയ്ക്ക് സാധിക്കില്ലെന്ന് ബ്ലുംബെര്‍ഗ് ഇക്ണോമിസ്റ്റുകള് പുറത്തിറക്കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുന്നതിനെ സംബന്ധിച്ച് ചൈനയില്‍ ആത്മവിശ്വാസം കുറയുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇപ്പോഴത്തെ നിഗമനം അനുസരിച്ച് 1940കളോടെ മാത്രമേ ചൈനയുടെ ജിഡിപിക്ക് യുഎസ് ജിഡിപിയെ മറികടക്കാനാകൂവെന്നാണ് ബ്ലൂംബെര്‍ഗ് പറയുന്നത്.
അത്തരത്തില്‍ ചൈനീസ് ജിഡിപി മുന്നിലെത്തിയാലും അത് നേരിയ മാര്‍ജിനില്‍ മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.