മദ്യപാനം മാരകവിപത്തെന്ന് ലോകാരോഗ്യ സംഘടന
September 22, 2018ജനീവ: ലോകത്ത് എയ്ഡ്സിനെക്കാളും മാരകവിപത്ത് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യ ഉപഭോഗംവഴി പ്രതിവര്‍ഷം ലോകവ്യാപകമായി 30 ലക്ഷം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 20ല്‍ ഒരാള്‍ ആല്‍ക്കഹോള്‍ ഉപയോഗംവഴി മരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. മദ്യപിച്ച് വാഹനമോടിക്കല്‍, മദ്യപിച്ച് അക്രമാസക്തരാവുക, മദ്യപാനം വഴിയുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് മരണകാരണങ്ങളില്‍ പ്രധാനം. മദ്യപിക്കുന്നയാള്‍ സ്വന്തം വീടുകളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. വ്യക്തിയുടെ മാനസിക ആരോഗ്യത്തെ അത് സാരമായി ബാധിക്കുന്നു.
പക്ഷാഘാതം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കിടയാക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധാനോം ഖിബ്രയേസസ് ചൂണ്ടിക്കാട്ടി. ആരോഗ്യത്തിലൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇത്തരം വിപത്തുകള്‍ തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിലയിരുത്തി. 2016ല്‍ ആഗോളവ്യാപകമായി എയ്ഡ്സ് ബാധിച്ച് 1.8 ശതമാനം ആളുകളാണ് മരിച്ചത്. റോഡപകടങ്ങളില്‍ 2.5 ശതമാനത്തിനും സംഘര്‍ഷങ്ങളില്‍ പെട്ട് എട്ടു ശതനമാനത്തിനും ജീവന് നഷ്ടപ്പെട്ടു. എന്നാല്‍ മദ്യപാനം കവര്‍ന്നെടുത്ത ജീവനുകള്‍ 5.3 ശതമാനമാണ്. ലോകത്ത് 23.7കോടി പുരുഷന്മാരും 4.6 കോടി സ്ത്രീകളും ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്നും സംഘടന പറഞ്ഞു.