ഓഹരി വിപണിയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വീണ്ടും വൻ കുറവ്
August 28, 2023 0 By BizNewsന്യൂഡൽഹി: രാജ്യത്ത് ഓഹരി വിപണിയിൽ നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്.ഡി.ഐ)ത്തിൽ വീണ്ടും വൻ കുറവ്. ഒപ്പം മൊത്തം വിദേശ നിക്ഷേപത്തിലും കുറവുണ്ടായി.
2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ 34 ശതമാനമാണ് എഫ്.ഡി.ഐയിൽ കുറവുവന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 16.58 ബില്യൺ ഡോളർ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വന്നിരുന്നുവെങ്കിൽ ഇത്തവണ ഇത് 10.94 ബില്യൺ ഡോളറായാണ് ഇടിഞ്ഞത്. കമ്പ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ്വെയർ, ടെലികോം, ഫാർമ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് കുറവുണ്ടായതെന്ന് ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ഈ സാമ്പത്തിക വർഷം ജനുവരി-മാർച്ച് പാദത്തിൽ 40.55 ശതമാനം കുറവുണ്ടായി. യു.എസ്, യു.കെ, മൊറീഷ്യസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപങ്ങളിൽ കുറവുണ്ടായി. അതേസമയം, നെതർലൻഡ്സ്, ജപ്പാൻ, ജർമനി എന്നിവിടങ്ങളിൽനിന്നുള്ളതിൽ വർധനയുണ്ട്.
വിദേശത്തുനിന്നുള്ള വിവിധ തരം നിക്ഷേപങ്ങളിലും ഈ വർഷം ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കുറവു രേഖപ്പെടുത്തി. ഓഹരി വിപണിയിലേക്കുള്ള നിക്ഷേപം, പുനർ നിക്ഷേപ വരവ്, മറ്റു മൂലധനം എന്നിവയെല്ലാം ചേർന്നതാണ് ആകെയുള്ള എഫ്.ഡി.ഐ.
കഴിഞ്ഞ വർഷം ഏപ്രിൽ- ജൂൺ പാദത്തെ അപേക്ഷിച്ച് ഇത് ഇത്തവണ 21.4 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം, സംസ്ഥാനങ്ങളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ കണക്കെടുത്താൽ മഹാരാഷ്ട്രക്കാണ് വൻ കുറവുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെല്ലാം കുറവുണ്ടായി. അതേസമയം, തെലങ്കാന, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ വളർച്ചയാണുണ്ടായത്.