സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധന
August 26, 2023റിയാദ്: സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധന തുടരുന്നതായി റിപ്പോർട്ട്. സ്മോൾ ആൻഡ് മീഡിയം എൻറർപ്രൈസസ് ജനറൽ അതോറിറ്റിയാണ് (മുൻശആത്ത്) റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ 2.6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സംരംഭങ്ങളുടെ എണ്ണം 12,30,000 കവിഞ്ഞതായി അതോറിറ്റി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ -42.3 ശതമാനം. മക്ക പ്രവിശ്യയിൽ 18.6 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 11.1 ശതമാനവും സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. കെട്ടിട നിർമാണ മേഖലയിലെ സ്ഥാപനങ്ങളാണ് ഇവയിൽ കൂടുതൽ, 30.7 ശതമാനം. സപ്പോർട്ട് ആൻഡ് സർവിസസ് മേഖലയിൽ 11.6 ശതമാനം തോതിലും പ്രവർത്തിച്ചുവരുന്നുണ്ട്.
ടൂറിസം മേഖലയിലാണ് പുതുതായി സംരംഭങ്ങൾ കൂടുതൽ എത്തുന്നത്. ഇതിനെ പിന്തുണക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായവും സർക്കാർ തലത്തിൽ ഒരുക്കുന്നുണ്ട്. ഇതിലേക്ക് 100 കോടി റിയാൽ അനുവദിക്കുന്നതിന് സോഷ്യൽ ഡെവലപ്മെന്റ് ബാങ്കുമായി കരാറിലെത്തിയതായി അതോറിറ്റി അറിയിച്ചു.