ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തത് 6.77 കോടി പേർ, ; നേട്ടമെന്ന് ആദായ നികുതി വകുപ്പ്
August 1, 2023 0 By BizNewsന്യൂഡൽഹി: 6.77 കോടി പേർ 2022-23 സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്റെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ്. റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതിയായ ജൂലൈ 31 വരെയുള്ള കണക്കാണ് വകുപ്പ് പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ജൂലൈ 31വരെ സമർപ്പിക്കപ്പെട്ട റിട്ടേണുകളേക്കാൾ കൂടുതലാണിത്. 2022ൽ 5.83 പേരാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തത്. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.1 ശതമാനത്തിന്‍റെ വർധനവ് ഇത്തവണ രേഖപ്പെടുത്തി.
അവസാന ദിവസമായ ജൂലൈ 31ന് 64.33 ലക്ഷം പേരാണ് റിട്ടേൺ ഫയൽ ചെയ്തത്. അന്നേ ദിവസം വൈകിട്ട് അഞ്ചിനു ആറിനും ഇടക്കാണ് ഏറ്റവും കൂടുതൽ റിട്ടേൺ ഫയൽ ചെയ്തത്. ഒരു മണിക്കൂറിൽ 4,96,559 പേർ. വൈകിട്ട് 04:35:06ന് 486 പേർ റിട്ടേൺ സമർപ്പിച്ചതാണ് രണ്ടാം സ്ഥാനത്തുള്ളത്. കൂടാതെ, ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ പേർ റിട്ടേൺ സമർപ്പിച്ചത് വൈകിട്ട് 5.54നാണ്. 8,622 പേർ.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്ന് 1,36,29,186 റിട്ടേണുകളാണ് ഫയൽ ചെയ്തത്. റിട്ടേൺ സമർപ്പിച്ചതിൽ ഒന്നാം സ്ഥാനത്തെ സംസ്ഥാനം ഗുജറാത്ത് ആണ്. 14,02,636 ലക്ഷം. മഹാരാഷ്ട്രയും (18,52,754) ഉത്തർപ്രദേശും (11,92,012) ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
ശമ്പളക്കാർക്കും കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവർക്കും മുൻ വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതിയായിരുന്നു ജൂലൈ 31. അവസാന തീയതി നീട്ടാത്ത സാഹചര്യത്തിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി പിഴ നൽകണം.
വാർഷിക വരുമാനം അഞ്ച് ലക്ഷത്തിന് താഴെയുള്ളവർ 1000 രൂപയും അഞ്ച് ലക്ഷത്തിന് മുകളിലുള്ളവർ 5000 രൂപയുമാണ് പിഴ നൽകേണ്ടത്. പിഴ നൽകി ഡിസംബർ 31 വരെ റിട്ടേൺ ഫയൽ ചെയ്യാനാകും.