ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായവുമായി കേരള സോപ്പ്സ്

ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായവുമായി കേരള സോപ്പ്സ്

July 24, 2023 0 By BizNews

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സോപ്പ്സ് അറ്റാദായത്തിൽ നേട്ടമുണ്ടാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്.കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണ് ഇക്കുറി ഉണ്ടായത്. 2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽ എത്തിക്കുകയും ചെയ്തു.കേരള സോപ്സ് 2023-24 ൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പാണെന്നും പറഞ്ഞ മന്ത്രി, ഇതിനോടകം തന്നെ സൗദി അറേബ്യയിലേക്ക് സോപ്പുകൾ കയറ്റി അയക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞെന്നും വിവരിച്ചു.

മന്ത്രിയുടെ കുറിപ്പ്

പൊതുമേഖലാ സ്ഥാപനങ്ങൾ തിരിച്ചുവരവുകളുടെ കഥ ചൊല്ലുന്ന കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണിത്.

2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽ എത്തിക്കുകയും ചെയ്തു. ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന കേരള സോപ്സ് തീർച്ചയായും 2023-24ൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പാണ്.

ഇതിനോടകം തന്നെ സൗദി അറേബ്യയിലേക്ക് സോപ്പുകൾ കയറ്റി അയക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞു. ആറോളം പുതിയ ഉൽപ്പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

കേരള സാന്റൽ, വേപ്പ്, കൈരളി, കാർബോളിക്, വാഷ് വെൽ എന്നിവ കേരള സോപ്സിന്റെ ജനപ്രിയ ഉത്പന്നങ്ങളാണ്. ഇതിന് പുറമെയാണ് ഡിറ്റർജൻ്റ്, ഹാൻ്റ് വാഷ്, ഡിഷ് വാഷ് തുടങ്ങിയ പ്രൊഡക്റ്റുകളും വിപണിയിലെത്തിച്ചിരിക്കുന്നത്.

കേരള സോപ്സ് പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിലേക്കെന്നും മന്ത്രി

കേരളത്തിൻ്റെ സ്വന്തം കേരള സോപ്സ് പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിലെത്തുകയാണ്. പൊതുമേഖലാ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വൈവിധ്യവൽക്കരണ പരിപാടികളുടെ ഭാഗമായി ഹാൻ്റ് വാഷ്, ഡിറ്റർജൻ്റ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ എന്നീ ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്.

നിലവിൽ കേരളത്തിലെ ചുരുക്കം ഔട്ട്ലെറ്റുകളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നങ്ങൾ വളരെ പെട്ടെന്നുതന്നെ എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമാക്കും.

നിലവിൽ കേരളത്തിന് പുറമെ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും റിലയൻസിന്റെ 2500 ഓളം വരുന്ന ഔട്ട്ലെറ്റുകളിലും കേരള സോപ്സ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഈ മാസം തന്നെ സൗദി അറേബ്യയിലും കേരള സോപ്സ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

വൈവിധ്യവൽക്കരണത്തിനൊപ്പം ആധുനികവൽക്കരണവും കൃത്യമായി നടപ്പിലാക്കാൻ കേരള സോപ്സ് ശ്രമിക്കുന്നുണ്ട്.ഫാക്ടറി ആധുനീകവത്കരണത്തിന്റെ ഭാഗമായി സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീൻ, സെമി ഓട്ടോമാറ്റിക്സ് പൗച്ച് സീലിംഗ് മെഷീൻ, ഓട്ടോമാറ്റിക് സാമ്പിൾ സോപ്പ് സ്റ്റാമ്പിങ് മെഷീൻ എന്നിവ ഫാക്ടറിയിൽ പുതുതായി സ്ഥാപിക്കുകയും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഇതിനൊപ്പം ലിക്വിഡ് ബോഡി വാഷ്, ഷവർജൽ, സാന്റൽ മഞ്ഞൾ സോപ്പ് എന്നിവ വിപണിയിൽ എത്തിക്കാനുള്ള അവസാന ഘട്ട പരീക്ഷണത്തിലാണ്.

കേരളത്തിലെ 14 ജില്ലകളിലായി 85 ഓളം വരുന്ന വിതരണക്കാരിലൂടെയാണ് വിപണിയിൽ കേരള സോപ്പ്സിന്റ വിപണനശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടുകൂടി വിതരണക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.