ജൂലൈയിലെ എഫ്പിഐ നിക്ഷേപം 22,000 കോടി രൂപ
July 9, 2023 0 By BizNewsന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഈ മാസം ആദ്യ വാരത്തില്‍ 22,000 കോടി രൂപയുടെ അറ്റ ഇക്വിറ്റി നിക്ഷേപം നടത്തി. അനിശ്ചിതമായ ആഗോള സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം തുടരുന്നതാണ് കാരണം. പ്രവണത തുടര്‍ന്നാല്‍ ജൂലൈയിലെ നിക്ഷേപം മെയ്, ജൂണ്‍ മാസങ്ങളേക്കാള്‍ ഉയരും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.
ഡെപോസിറ്ററികളിലെ കണക്കനുസരിച്ച് എഫ്പിഐ നിക്ഷേപം മാര്‍ച്ച് മുതല്‍ ജൂലൈ 7 വരെ 21944 കോടി രൂപയാണ്. അതിന് മുന്‍പ് ജനുവരി, ഫെബ്രുവരി മാസങ്ങള്‍ അവര്‍ 34626 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി. ഇതിന് പുറമെ 1557 കോടി രൂപ ഡെബ്റ്റ് വിപണിയില്‍ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്.
ഏറ്റവും പുതിയ നിക്ഷേപത്തോടെ ഈ വര്‍ഷം ഇതുവരെ എഫ്പിഐ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 98350 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്. കടവിപണിയിലേയ്ക്ക് ഒഴുക്കിയത് 18230 കോടി രൂപ.സാമ്പത്തിക സേവനങ്ങള്‍, വാഹനങ്ങള്‍, മൂലധന ചരക്കുകള്‍, നിര്‍മ്മാണം എന്നീ മേഖലകളാണ് സ്ഥിരമായി വിദേശ നിക്ഷേപം സ്വീകരിക്കുന്നത്.
അതേസമയം എഫ്എംസിജി,വൈദ്യുതി ഓഹരികള്‍ വാങ്ങാനും സമീപ ദിവസങ്ങളില്‍ എഫ്പിഐകള്‍ തയ്യാറായി.ഐടി ഓഹരികള്‍ വില്‍ക്കുന്നത് തുടരുകയും ചെയ്യുന്നു.