നിഫ്റ്റി500 കമ്പനികളില്‍ 76 ശതമാനവും റെക്കോര്‍ഡ് നിലവാരത്തിന് താഴെ

July 9, 2023 0 By BizNews

മുംബൈ: ഇന്ത്യന്‍ വിപണികള്‍ പുതിയ റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തിയിട്ടും, നിഫ്റ്റി 500 ഓഹരികളുടെ ഗണ്യമായ ഭാഗം ഇതുവരെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് വീണ്ടെടുത്തിട്ടില്ല. നിഫ്റ്റി 500 സൂചികയിലെ ഏകദേശം 76 ശതമാനം അല്ലെങ്കില്‍ 382 കമ്പനികള്‍ നിലവില്‍ അവരുടെ ഉയര്‍ന്ന നിലവാരത്തിന് താഴെയാണ്.അതേസമയം, 225 ഓഹരികള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി.

നിഫ്റ്റി 500 സൂചികയ്ക്കുള്ളില്‍, 17 ഓളം ഓഹരികള്‍ നിലവില്‍ റെക്കോര്‍ഡ് ഉയരത്തേക്കാള്‍ 80-90 ശതമാനം താഴെയാണ് വ്യാപാരം നടത്തുന്നത്. 74 ഓഹരികള്‍ അവയുടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 50-80 ശതമാനം ഇടിവ് നേരിടുമ്പോള്‍ ഏകദേശം 193 ഓഹരികള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവില്‍ ട്രേഡ് ചെയ്യപ്പെടുന്നു. 72 ഓഹരികള്‍ റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് 10-20 ശതമാനം താഴെയാണ്.

ബ്ലൂ-ചിപ്പ് ഓഹരികളില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022 ഏപ്രില്‍ 29 ന് രേഖപ്പെടുത്തിയ സര്‍വകാല നിരക്ക് 2,856.15 രൂപയില്‍ നിന്ന് നിലവില്‍ 9 ശതമാനം മാത്രം അകലെയെത്തിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് റെക്കോര്‍ഡ് ഉയരമായ 605.90 രൂപയില്‍ നിന്ന് 2.5 ശതമാനം അകലെയും നില്‍ക്കുന്നു. ഇന്‍ഫോസിസ് ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് അകലെയുള്ള മറ്റ് ശ്രദ്ധേയമായ ഓഹരികള്‍. നിരവധി സ്റ്റോക്കുകള്‍ വര്‍ഷങ്ങളായി അവരുടെ റെക്കോര്‍ഡ് നിലവാരം മറികടക്കാന്‍ കാത്തിരിക്കുകയാണ്.

2008 ജനുവരിയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ എന്‍ടിപിസി ഇതുവരെ ആ നിലയിലെത്തിയിട്ടില്ല. അതുപോലെ, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ 2014 ജൂണ്‍ മുതല്‍ അതിന്റെ ആജീവനാന്ത ഏറ്റവും ഉയര്‍ന്ന നിരക്ക് മറികടക്കാന്‍ കാത്തിരിക്കുന്നു. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസും കോള്‍ ഇന്ത്യയും 2015 മുതല്‍ സമാനമായ അവസ്ഥയിലാണ്.

ഹീറോ മോട്ടോകോര്‍പ്പും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും 2017 മുതല്‍ പുതിയ റെക്കോര്‍ഡ് ഉയരങ്ങളേലേയ്ക്ക് യാത്ര നടത്തുന്നു.കൂടാതെ 2021 ല്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ദിവിസ് ലാബ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയുള്‍പ്പെടെ 14 ഓളം ഓഹരികള്‍ വേറെയുമുണ്ട്.