ഡിജിറ്റല് പേഴ്സണല് ഡാറ്റാ പ്രൊട്ടക്ഷന് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ഡിജിറ്റല് പേഴ്സണല് ഡാറ്റാ പ്രൊട്ടക്ഷന് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

July 5, 2023 0 By BizNews

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (ഡിപിഡിപി) ബില്‍ 2023 ന്റെ കരടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ ബില്‍അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഡാറ്റയും ഡപിഡിപിയുടെ ഡൊമെയ്നില്‍ ഉള്‍പ്പെടും.

ഒരു വ്യക്തി സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാന്‍ കഴിയൂ എന്ന കാര്യമാണ് ബില്‍ വിഭാവന ചെയ്തിരിക്കുന്നത്.എന്നാല്‍, ദേശീയ സുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും ഡാറ്റ സ്വായത്തമാക്കാം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം കണ്‍സള്‍ട്ടേഷനായി പുറത്തിറക്കിയ അവസാന കരടിലെ മിക്കവാറും എല്ലാ വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദ്ദിഷ്ട നിയമപ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണമായ ഇളവ് നല്‍കിയിട്ടില്ല. ‘തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍, ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് തീരുമാനിക്കും. സിവില്‍ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടാകും. ക്രമേണ പരിണമിക്കുന്ന വേറേയും ധാരാളം കാര്യങ്ങളുണ്ട്, ‘വൃത്തങ്ങള്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ വ്യക്തികള്‍ക്ക് അവരുടെ ഡാറ്റ ശേഖരണം, സംഭരണം, പ്രോസസ്സിംഗ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടാന്‍ അവകാശമുണ്ടാകും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഓരോ സംഭവത്തിനും സ്ഥാപനങ്ങളില്‍ നിന്ന് 250 കോടി രൂപ വരെ പിഴ ഈടാക്കാം. ഡിപിഡിപി ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്കി.

വരാനിരിക്കുന്ന സെഷനില്‍ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം ജൂലൈ 20 മുതല് ഓഗസ്റ്റ് 11 വരെയാണ് നടക്കുക.