ഓൺലൈൻ ട്രെയിൻ ടിക്കറ്റ്; അദാനിയുടെ വരവിൽ ഭീഷണിയില്ലെന്ന് ഐ.ആർ.സി.ടി.സി
June 19, 2023ന്യൂഡൽഹി: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വില്പന രംഗത്തേക്കുള്ള അദാനി കമ്പനിയുടെ കടന്നുവരവ് തങ്ങൾക്ക് ഭീഷണിയല്ലെന്ന്, റെയിൽവേക്കു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി).
ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം ആയ ‘ട്രെയിൻമാ’ന്റെ ഓഹരി ഏറ്റെടുക്കാൻ അദാനി ഗ്രൂപ് കരാറിൽ ഒപ്പുവെച്ചത് അപകടസൂചനയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായാണ്, ഓൺലൈൻ ടിക്കറ്റ് വിൽപന ചുമതലയുള്ള ഐ.ആർ.സി.ടി.സിയുടെ വിശദീകരണം. ‘ആദ്യം മത്സരം, പിന്നീട് ഏറ്റെടുക്കൽ’ എന്നാണ് അദാനിയുടെ വരവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് വിമർശനമുന്നയിച്ചത്.
ഐ.ആർ.സി.ടി.സി അംഗീകൃത, ഓൺലൈൻ ട്രെയിൻ ബുക്കിങ് ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്രെയിൻമാന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി അദാനി എന്റർപ്രൈസസ് കഴിഞ്ഞ ദിവസ വ്യക്തമാക്കിയിരുന്നു. അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് കരാറിൽ ഒപ്പുവെച്ചത്. ഇതിന് പിന്നാലെയാണ് ഐ.ആർ.സി.ടി.സി കുത്തക തകർക്കാനുള്ള അദാനി നീക്കം ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തുവന്നത്.
എന്നാൽ, കോൺഗ്രസ് പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഐ.ആർ.സി.ടി.സി പറയുന്നത്. ഉപഭോക്താവുമായി ബന്ധപ്പെടുന്ന തങ്ങളുടെ 32 വ്യാപാര കമ്പനികളിൽ ഒന്നുമാത്രമാണ് ട്രെയിൻമാൻ.
അവരുടെ ഓഹരി നൽകുന്നത് കൊണ്ട് മറ്റു മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല. ഐ.ആർ.സി.ടി.സി വഴിയുള്ള എല്ലാ പ്രവർത്തനങ്ങളും അതുപോലെ തുടരുമെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശിന്റെ ഇതു സംബന്ധിച്ച ട്വീറ്റ് പങ്കുവെച്ച് ഐ.ആർ.സി.ടി.സി വ്യക്തമാക്കി.